Currency

പെരുന്നാള്‍ അവധി: ആശുപത്രി സമയം പുനഃക്രമീകരിച്ചു

സ്വന്തം ലേഖകന്‍Tuesday, August 6, 2019 3:34 pm

അബുദാബി: പെരുന്നാള്‍ അവധി ദിവസങ്ങളില്‍ അബുദാബിയിലെ ആശുപത്രികളുടെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. എമിറേറ്റിലെ എല്ലാ അത്യാഹിത വിഭാഗങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഈ മാസം 10 മുതല്‍ 13 വരെയുള്ള അവധി ദിവസങ്ങളില്‍ മഫ്‌റഖ് ആശുപത്രിയുടെ പ്രവൃത്തി സമയം രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരിക്കും. തീവ്രപരിചരണ വിഭാഗത്തില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുമാണ് പ്രവേശനം. അല്‍ റഹ്ബ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം രാവിലെ 8 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുക.

ഔട്ട്‌പേഷ്യന്റ് വിഭാഗം അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. കോര്‍ണിഷ് ആശുപത്രിയില്‍ അത്യാഹിത വിഭാഗവും ഔട്ട്‌പേഷ്യന്റ് വിഭാഗവും പതിവുപോലെ പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ 12 വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അല്‍ഐനിലെ തവാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഉച്ചയ്ക്കുശേഷം 3 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തിക്കുക. ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ അവധി ദിവസം സേവനം ലഭ്യമല്ല. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ക്ലിനിക് അവധി ദിവസങ്ങളില്‍ അടച്ചിടും. 14ന് തുറന്ന് പ്രവര്‍ത്തിക്കും. ഡയാലിസിസ് സേവനം വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 11 വരെ എല്ലായിടത്തും ലഭ്യമാണ്. അല്‍ഐന്‍ ആശുപത്രി രാവിലെ 8 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും.

അല്‍ സഫ്‌റാന, ഖലീഫ സിറ്റി, അല്‍ ബാഹിയ, അല്‍ മഖ്തദ, അല്‍ഹിലി ക്ലിനിക്, മുവൈജി അല്‍ യഹ്ര്‍, നുഅ്മ എന്നിവിടങ്ങളിലെ ക്ലിനിക്കുകള്‍ ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ തുറന്നു പ്രവര്‍ത്തിക്കും. അല്‍വഗന്‍ ആശുപത്രിയിലെ ഫാമിലി മെഡിസിന്‍ വിഭാഗം രാവിലെ 8 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. ഇന്റേണല്‍ മെഡിസില്‍ വിഭാഗം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും കുട്ടികളുടെ വിഭാഗം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കും. ദന്ത വിഭാഗത്തിനും രക്തബാങ്കിനും അവധിയായിരിക്കും. മദീനാ സായിദ്, ലിവ, ഡല്‍മ ഐലന്‍ഡ്, സര്‍ ബനിയാസ് ഐലന്‍ഡ്, ബിദ അല്‍ മുതവ്വ എന്നിവിടങ്ങളില്‍ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. റമാഹ് ക്ലിനിക് ശനി രാവിലെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റു ദിവസങ്ങളില്‍ അവധിയായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x