
കുവൈത്ത് സിറ്റി: കുവൈത്തില്‍ മത്സ്യമാര്‍ക്കറ്റുകളിലെ ലേലനടപടികളില്‍ പങ്കെടുക്കുന്നതിന് വിദേശികള്‍ക്ക് നിയന്ത്രണം. ലൈസന്‍സ് ഇല്ലാത്ത വിദേശികള്‍ ലേലസ്ഥലത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശമുണ്ട്. ലേലത്തില്‍ പങ്കെടുക്കുന്നതിന് വാണിജ്യ മന്ത്രാലയത്തില്‍നിന്ന് പ്രത്യേക ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം. മന്ത്രാലയം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചു മാത്രമേ ലേലനടപടികളില്‍ പങ്കെടുക്കാവൂ.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് നിര്‍ദിഷ്ട ഫീസ് അടച്ചതിനുശേഷം മന്ത്രാലയത്തില്‍നിന്ന് അവ കൈപ്പറ്റാവുന്നതാണ്. വില്‍പനക്കാര്‍ മത്സ്യത്തിന്റെ പേര്, വില, ഗുണനിലവാരം എന്നിവ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിക്കണം. ലേലം സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധകര്‍ ആവശ്യപ്പെട്ടാല്‍ അവ ഹാജരാക്കുകയും വേണം. കുവൈത്തി പൗരന്മാര്‍ക്കും ലൈസന്‍സ് ഉള്ള വിദേശികള്‍ക്കും മാത്രമേ ലേലസ്ഥലത്ത് പ്രവേശനം പാടുള്ളൂ.
കമ്പനികള്‍, റസ്റ്റാറന്റുകള്‍ എന്നിവക്ക് 35 ശതമാനം, മാര്‍ക്കറ്റിലെ ചില്ലറ വില്‍പനക്കാര്‍ക്ക് 35 ശതമാനം, ഉപഭോക്താക്കള്‍ക്ക് 30 ശതമാനം എന്നിങ്ങനെ ലേലത്തിനെത്തുന്ന മൊത്തം മത്സ്യശേഖരം ഭാഗിക്കണമെന്നും സര്‍ക്കുലര്‍ നിഷ്‌കര്‍ഷിക്കുന്നു. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ ചൂഷണം തടയുന്നതിനുമാണ് നടപടി. വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള നിരീക്ഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ലേലനടപടികള്‍ പാടുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.