
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ചുമതലപ്പെടുത്തി. ഡാറ്റ ചെക്ക് എന്ന അന്തര്‍ദേശീയ കമ്പനിയെയാണ് ഇത് ഏല്‍പിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയിലെ നഴ്സിംഗ് ജീവനക്കാര്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കി ആധികാരികത തെളിയിക്കേണ്ടി വരും. നഴ്സുമാര്‍ക്ക് പുറമേ ടെക്നീഷ്യന്മാര്‍ ദന്ത ഡോക്റ്റര്‍മാര്‍ എന്നിവര്‍ക്കും തീരുമാനം ബാധകമാണെന്നാണ് സൂചന.
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ വിദേശി ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള ചുമതല അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എപിക് സിസ്റ്റംസ് കോര്‍പറേഷന്‍ എന്ന ഏജന്‍സിയെ ഏല്‍പിച്ചിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ഡോക്ടര്‍മാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായാണ് ആരോഗ്യമന്ത്രാലയം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.