Currency

ഒമാന്‍ പാര്‍ക്കുകളില്‍ ചെറു വായനശാലകള്‍; പദ്ധതി വന്‍ വിജയം

സ്വന്തം ലേഖകന്‍Sunday, August 18, 2019 4:20 pm

മസ്‌കത്ത്: ഒമാനിലെ പാര്‍ക്കുകളില്‍ അക്ഷരപ്രേമികള്‍ക്കായി തുടങ്ങിയ ചെറു വായനശാലകള്‍ വന്‍ വിജയം. പാര്‍ക്കുകളില്‍ വരുന്നവര്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാം. അറബിക്, ഇംഗ്ലിഷ് പുസ്തകങ്ങള്‍ ലഭ്യമാണ്. ഖുറം, അല്‍ സഹ്വ പാര്‍ക്കുകളില്‍ വിജയകരമായി നടപ്പാക്കിയ ലൈബ്രറി പദ്ധതി കഴിഞ്ഞ ദിവസം ആമിറാത്ത് പാര്‍ക്കിലും ഉദ്ഘാടനം ചെയ്തു. റിയാം, അസൈബ പാര്‍ക്കുകളില്‍ ഉടന്‍ ആരംഭിക്കും. 4 സ്വദേശി യുവാക്കള്‍ ചേര്‍ന്നു തുടങ്ങിയ സംരംഭം ജനപങ്കാളിത്തമുള്ള വന്‍ കൂട്ടായ്മയായി മാറുകയായിരുന്നു. വായനശാലകള്‍ക്ക് നാഷണല്‍ യൂത്ത് കമ്മിറ്റി സാമ്പത്തിക പിന്തുണ നല്‍കിയതോടെ അക്ഷരലോകം വളര്‍ന്നു.

മസ്‌കത്ത് നഗരസഭയുടെ പിന്തുണയുമുണ്ട്. ഫാത്വിമ അല്‍ അമീരിയ്യ, അസീസ അല്‍ തോബി, മുഹമ്മദ് അല്‍ യാഖൂബി, ഖാമിസ് അല്‍ ദൗദി എന്നിവരാണു വായന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഹത്ത് കിതാബക് ശുവൈഹ’ എന്ന സംരംഭത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് ഖുറം പാര്‍ക്കിലാണ് ആദ്യ വായനശാല തുടങ്ങിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x