Currency

അബുദാബിയില്‍ ഇനി യാത്ര സുഗമമാകും; വരുന്നു സ്മാര്‍ട് ബസുകള്‍

സ്വന്തം ലേഖകന്‍Wednesday, August 21, 2019 1:02 pm

അബുദാബി: ടോള്‍ ഗേറ്റ് നടപ്പില്‍ വരുത്തുന്നതിനു മുന്നോടിയായി പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ അബുദാബി. ഒക്ടോബര്‍ 11ന് 40ഉം അടുത്ത വര്‍ഷം 327ഉം ബസുകള്‍ നിരത്തിലിറങ്ങും. ഒക്ടോബര്‍ 15ന് ടോള്‍ ഗേറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യവാഹനം വിട്ട് കൂടുതല്‍ പേര്‍ പൊതുഗതാഗതത്തിലേക്കു ചുവടുമാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അടുത്ത വര്‍ഷത്തോടെ അബുദാബിയുടെ എല്ലാ മേഖലകളിലേക്കും ബസ് സേവനം ലഭ്യമാകും.

47.3 കോടി ദിര്‍ഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ഗതാഗതം സുഗമമാക്കാനായി വിഭാവനം ചെയ്തിരിക്കുന്നത്. 17 പേര്‍ക്കു ഇരിക്കാവുന്ന മിനി ബസുകളാണ് നിരത്തിലിറക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വാഹനത്തില്‍ കയറാനും ഇരിക്കാനും പ്രത്യേക സൗകര്യമുണ്ട്. 8 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം. കൂടാതെ സീറ്റ് ബെല്‍റ്റ്, ഫോണ്‍ ചാര്‍ജിങ്, വൈഫൈ, സ്മാര്‍ട് ടിവി തുടങ്ങി നൂതന സൗകര്യങ്ങളുമുണ്ട്. സുഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണു പരിഷ്‌കാരമെന്നു സംയോജിത ഗതാഗത കേന്ദ്രത്തിലെ പൊതുഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി പറഞ്ഞു.

നഗരവും ഉള്‍പ്രദേശവുമായുള്ള ബന്ധം സുദൃഢമാക്കാനും ഇതുപകരിക്കും. ഭിന്നശേഷിക്കാര്‍ക്കും (നിശ്ചയദാര്‍ഢ്യമുള്ളവര്‍) അവരുടെ സഹായികള്‍ക്കും 55 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കും യാത്ര സൗജന്യമാണ്. ബന്ധപ്പെട്ട രേഖകള്‍ ഫോട്ടോ സഹിതം ഗതാഗത വിഭാഗത്തില്‍ സമര്‍പ്പിച്ചാല്‍ സൗജന്യ കാര്‍ഡ് ലഭിക്കും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 500 ദിര്‍ഹമിനാണ് കാര്‍ഡ് നല്‍കുന്നത്. നിലവില്‍ വിവിധ ബസ് സ്റ്റേഷനുകളെയും മാളുകളെയും ബന്ധപ്പെടുത്തിയുള്ള സൗജന്യ ബസ് സര്‍വീസ് സേവനം തുടരുമെന്നും വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x