Currency

ഹോം ഡെലിവറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിങ് ജോലികള്‍ സൗദിയില്‍ സ്വദേശിവത്കരിക്കുന്നു

സ്വന്തം ലേഖകന്‍Monday, September 2, 2019 1:57 pm

റിയാദ്: സൗദിയില്‍ ഹോം ഡെലിവറി സംവിധാനവും ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിംഗ് ജോലികളും സ്വദേശിവത്ക്കരിക്കുന്നു. ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം ആരംഭിച്ചതായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയും വിവിധ ആപ്പുകള്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഹോം ഡെലിവറികള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും നേരിട്ട് നടത്തുന്ന ഹോം ഡെലിവറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിംഗ് ജോലികള്‍ എന്നീവ സ്വദേശിവത്ക്കരിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നതായി പൊതു ഗതാഗത അതോറിറ്റി ചെയര്‍മാന്‍ ഫവാസ് അല്‍ സഹ്‌ലി വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുക്കുന്ന മേഖലയാണ് ഇവ രണ്ടും. രാജ്യത്തെ പൊതു ഗതാഗത അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

ഇത്തരം സംവിധാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ സ്വദേശികളല്ലാത്തവര്‍ ഉപയോഗിക്കുന്നത് നിയമ ലംഘനമായി പരിഗണിക്കുന്നതായിരിക്കും പുതിയ നിയമം. ഹോസ്പിറ്റാലിറ്റി മേഖലയില്‍ വാഹനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനും തിരിച്ചെടുക്കുന്നതിനും വിദേശി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നുണ്ട്. ഇത് ഈ ഡിസംബറോട് കൂടി അവസാനിപ്പിക്കുമെന്നും പകരം സ്വദേശികള്‍ക്ക് മാത്രമാക്കി ഈ മേഖലകള്‍ പരിമിതപ്പെടുത്തുമെന്നും ഫവാസ് അല്‍ സഹ്‌ലി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x