Currency

അബൂദബിയില്‍ വാഹന ഉടമകള്‍ക്ക് ‘ടോള്‍ സൈന്‍ അപ്’ സൗകര്യം

സ്വന്തം ലേഖകന്‍Tuesday, September 3, 2019 11:57 am

അബൂദബി: ഒക്‌ടോബര്‍ 15 മുതല്‍ അബൂദബി നഗരത്തില്‍ ടോള്‍ പ്രാബല്യത്തിലാവുന്നതിന്റെ ഭാഗമായി എമിറേറ്റിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് ടോള്‍ സൈന്‍ അപ് ചെയ്യാനുള്ള സൗകര്യമായി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ രൂപകല്‍പന ചെയ്ത വെബ്‌പേജ് https://itps.itc.gov.ae/ വഴി വാഹന ഡ്രൈവര്‍മാര്‍ക്ക് അവരുടെ എമിറേറ്റ്സ് ഐഡി കാര്‍ഡിലെ വിവരങ്ങള്‍, വാഹനങ്ങളുടെ രജിസ്ട്രേഷന്‍, നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കി അക്കൗണ്ട് ഉണ്ടാക്കാനാവും. അടുത്ത മാസം പകുതിയോടെ നടപ്പാക്കുന്ന ടോള്‍ സംവിധാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന വെബ്‌പേജാണിത്.

അബൂദബിക്കു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ടോള്‍ഗേറ്റ് പ്രാബല്യത്തിലാവും മുമ്പ് സൈന്‍ അപ് ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമെന്ന് അധികൃതര്‍. സൈന്‍ അപ് ചെയ്യാത്തപക്ഷം പിഴ ബാധകമാകും. ടോള്‍ ഗേറ്റ് കടക്കുന്നതിന് 10 ദിവസം മുമ്പോ അതിനു ശേഷമോ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കണം. 10 ദിവസത്തെ ഗ്രേസ് പിരീഡിന് ശേഷം ആദ്യ ദിവസം 100 ദിര്‍ഹം, രണ്ടാം ദിവസം 200 ദിര്‍ഹം, മൂന്നാം ദിവസം 400 ദിര്‍ഹം എന്ന നിലയില്‍ പരമാവധി 10,000 ദിര്‍ഹം വരെ പിഴ ഈടാക്കും.

അബൂദബിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാന്‍ അഞ്ച് ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഇതിനുശേഷം പ്രതിദിനം 50 ദിര്‍ഹം വീതം പിഴ ബാധകമായിരിക്കും. എന്നാല്‍ അബൂദബിയിലെ വാഹന ഉടമകള്‍ക്ക് വര്‍ഷത്തില്‍ അവരുടെ വാഹന രജിസ്ട്രേഷന്‍ സമയത്ത് ടോള്‍ അടക്കാനാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x