Currency

സ്‌കൂള്‍ ബസിന്റെ സ്റ്റോപ് ബോര്‍ഡില്‍ ക്യാമറ; നിയമലംഘകര്‍ കുടുങ്ങും

സ്വന്തം ലേഖകന്‍Wednesday, September 4, 2019 1:33 pm

അബുദാബി: സ്‌കൂള്‍ ബസിന്റെ സ്റ്റോപ്പ് അടയാളം കണ്ടിട്ടും വാഹനം നിര്‍ത്താതെ പോകുന്നവരെ പിടികൂടാന്‍ ബസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. അബുദാബിയിലെ 7000 സ്‌കൂള്‍ ബസുകളിലും ക്യാമറ ഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗത്തിലെ ട്രാഫിക് സ്റ്റഡീസ് മേധാവി അബ്ദുല്ല അല്‍ ഗഫെലി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 500 ബസുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. മറ്റു വാഹന ഉടമകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാത്തവിധമുള്ള സൂക്ഷ്മ ക്യാമറ ബസിന്റെ സ്റ്റോപ്പ് ബോര്‍ഡിലാണ് ഘടിപ്പിക്കുക.

പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന ഈ ക്യാമറിയിലൂടെ നിയമലംഘകരെ കയ്യോടെ പിടികൂടാനാകും. വിദ്യാര്‍ഥികളെ ബസില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയത്ത് മുന്നിലും പിറകിലുള്ള വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് നിയമം. ഇതിനായി ബസ് നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ സ്റ്റോപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബോര്‍ഡ് അവഗണിക്കുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. സ്റ്റോപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

കുട്ടികള്‍ ബസില്‍നിന്ന് ഇറങ്ങി സുരക്ഷിതമായി റോഡിന് കുറുകെ കടന്നെന്ന് ഉറപ്പു വരുത്തിയ ശേഷമേ സ്റ്റോപ്പ് ബോര്‍ഡ് മാറ്റാന്‍ പാടുള്ളൂ. നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍നിന്നും 5 മീറ്റര്‍ അകലത്തിലാണ് മറ്റു വാഹനങ്ങള്‍ നിര്‍ത്തേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x