
ദോഹ: സല്‍വ റോഡിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്റെ നവീകരണത്തിന് തുടക്കമായതായി പൊതുമരാമത്ത് (അഷ്ഗാല്‍). ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ നിന്ന് ബു സമ്രയിലേക്ക് ഇടത്തേയ്ക്കുള്ള ഇരട്ടപ്പാത മൂന്നുവരിയാക്കും. അല്‍ സിദര്‍ സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്കുള്ള പാതയുടെ എണ്ണവും വര്‍ധിപ്പിക്കും. കൂടാതെ അല്‍ വാബ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള ബു സമ്രയില്‍ നിന്നുള്ള ഇടത്തേക്കും നേരെയുമുള്ള പാതകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും. ഇതോടെ യാത്രാ സമയം 40 ശതമാനം കുറയും. ഇന്റര്‍സെക്ഷനിലെ വാഹനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ടാണ് നവീകരണം.
നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഹോള്‍ സെയില്‍ മാര്‍ക്കറ്റ് ഇന്റര്‍സെക്ഷന്‍ നാളെ 8 മണിക്കൂര്‍ ഭാഗികമായി അടയ്ക്കും. ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ട്രീറ്റിന്റെ എല്ലാ വശങ്ങളിലേക്കുമുള്ള യു ടേണും വലത്തേക്കുള്ള പാതകളും ഗതാഗതത്തിനായി തുറക്കും. നാളെ പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയാണ് ഇന്റര്‍സെക്ഷന്‍ അടയ്ക്കുന്നത്.
ഈ സമയം ദോഹയില്‍ നിന്നും ബു സമ്രയിലേക്ക് വരുന്ന വാഹനങ്ങള്‍ വലത്തേക്ക് തിരിഞ്ഞ് അല്‍ സിദര്‍ ഇന്റര്‍സെക്ഷനില്‍ പ്രവേശിച്ച് അവിടെ നിന്നു യു ടേണ്‍ എടുത്ത് വീണ്ടും വലത്തേക്കു തിരിഞ്ഞാല്‍ സല്‍വ റോഡിലെത്തും. ബു സമ്രയില്‍ നിന്നും ദോഹയിലേക്ക് എത്തുന്നവര്‍ വലത്തേക്ക് തിരിഞ്ഞ് ഹോള്‍സെയില്‍ മാര്‍ക്കറ്റ് ഇന്റര്‍സെക്ഷനിലെത്തി അവിടെ നിന്ന് യു ടേണ്‍ എടുത്ത് വലത്തേക്കു തിരിഞ്ഞാല്‍ സല്‍വ റോഡിലെത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.