
റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാന്‍, അസീര്‍, അല്‍ബാഹ തുടങ്ങിയ പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന പടിഞ്ഞാറന്‍ മേഖലയിലാണ് അടുത്ത മൂന്ന് ദിവസങ്ങളില്‍ മഴക്ക് സാധ്യത. ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് വരും ദിനങ്ങളില്‍ ഈ ഭാഗങ്ങളില്‍ അനുഭവപ്പെടുക.
താഴ് വാരങ്ങളിലെ അരുവികള്‍ കരകവിഞ്ഞ് റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപൊക്ക സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ ഈ ഭാഗങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുവാനും താഴ്ഭാഗങ്ങളിലുള്ളവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി മക്കയിലും മദീനയിലും പടിഞ്ഞാറന്‍ മേഖലയിലെ തീരദേശ ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ രാജ്യത്തിന്റെ തലസ്ഥാന നഗരിയുള്‍പ്പെടെയുള്ള ഭാഗങ്ങളിലും കിഴക്കന്‍ മേഖലയിലും കടുത്ത വേനല്‍ ചൂട് തുടരുകയാണ്. ഇവിടങ്ങളില്‍ വരും ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യത. ഈ മാസം പകുതിയോട് കൂടി മാത്രമേ വേനല്‍ ചൂടിന് ശമനം ലഭിക്കുകയുള്ളു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.