
അബുദാബി: നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ മഴ പെയ്യിക്കാനുള്ള പരീക്ഷണത്തിന് യുഎഇയില്‍ തുടക്കം കുറിച്ചു. സാധാരണ ക്ലൗഡ് സീഡിങിനെക്കാള്‍ കൂടുതല്‍ അളവില്‍ മഴ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ നാനോ ലയറുകള്‍ മേഘത്തിനുമേല്‍ വര്ഷിക്കുമ്പോള് മേഘങ്ങളിലെ നീരാവി ഘനീഭവിച്ചു രാസപ്രക്രിയയിലൂടെ ജലത്തുള്ളിയാക്കി മാറ്റുന്നു.
ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ മഴയ്ക്കായി യുഎഇയില്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മഴ വര്‍ധിപ്പിക്കാനുള്ള യുഎഇ ഗവേഷണ പദ്ധതിയുടെ ഡയറക്ടര്‍ അല്യ അല്‍ മന്‍സൂരി പറഞ്ഞു. ക്ലൗഡ് സീഡിങ് സംവിധാനം ഘടിപ്പിച്ച് അല്‍ഐന്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെടുന്ന വിമാനം യുഎഇയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് മഴ പെയ്യിക്കുക.
വന്‍ തോതില്‍ ഉല്പാദനം നടത്തുകയാണെങ്കില്‍ സാധാരണ ക്ലൗഡ് സീഡിങിനെക്കാള്‍ ചെലവു കുറയ്ക്കാനും സാധിക്കുമെന്നാണ് കണ്ടെത്തല്‍. കൃത്രിമമഴ പെയ്യിക്കുന്നതില്‍ വന്‍മുന്നേറ്റം നടത്തിയ യുഎഇ നാനോ സാങ്കേതിക വിദ്യയിലൂടെ കൂടുതല്‍ മേഘങ്ങളെ വരുതിയിലാക്കാനാണ് ഇപ്പോഴത്തെ നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.