
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട വിദേശ ജീവനക്കാരുടെ പട്ടിക ഡിസംബറിനുള്ളില്‍ സമര്‍പ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പരമാവധി വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
എന്നാല്‍ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ആവശ്യത്തിന് സ്വദേശികളെ ലഭിക്കില്ലെന്ന് വ്യക്തമാക്കി തടസവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വിദേശികളെ ഒഴിവാക്കല്‍ നടപടി അടുത്ത സാമ്പത്തിക വര്‍ഷാരംഭത്തോടെ പൂര്‍ത്തിയാക്കണമെന്നാണ് കമ്മീഷന്റെ പുതിയ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 450 വിദേശികള്‍ക്കും ആരോഗ്യമന്ത്രാലയത്തില്‍ 300 വിദേശികള്‍ക്കും ജോലി നഷ്ടമാകുമെന്നാണു സൂചന. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍, ലിറ്ററേച്ചര്‍ അധ്യാപകര്‍, ഓഫീസ് സ്റ്റാഫ് എന്നിവര്‍ക്കാണ് ജോലി നഷ്ടമാവുക. പ്രായം അടിസ്ഥാനപ്പെടുത്തിയാകും പട്ടിക തയാറാക്കുക.
ആരോഗ്യ മന്ത്രാലയത്തിലെ ഓഫീസ് സ്റ്റാഫ്, പ്രായക്കൂടുതലുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ പട്ടികയില്‍ സ്ഥാനം പിടിക്കും. ആരോഗ്യ മന്ത്രാലയത്തില്‍നിന്നു പിരിച്ചുവിടുന്നവര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ നോട്ടിസ് നല്‍കാനാണ് നീക്കം. അധ്യാപകര്‍ക്ക് അധ്യയനവര്‍ഷം അവസാനത്തോടെയാകും നോട്ടീസ് നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.