Currency

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി; അന്തിമ രൂപമായി

സ്വന്തം ലേഖകന്‍Thursday, October 3, 2019 4:05 pm

റിയാദ്: സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമായി. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. 2 മാസങ്ങള്‍ക്കു മുമ്പാണ് രാജ്യത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇടവേളകളില്ലാതെ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാമെന്ന സൗദി മന്ത്രിസഭാ തീരുമാനം വന്നത്. അനുമതി നല്‍കേണ്ട വിഭാഗത്തിലെ സ്ഥാപനങ്ങളെ തീരുമാനിക്കാന്‍ മുന്‍സിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയവും മുന്‍സിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ട വ്യവസ്ഥകള്‍ തീരുമാനിച്ചത്.

അതേസമയം അനുമതി ലഭിക്കുന്ന സ്ഥാപനങ്ങള്‍ ചില വ്യവസ്ഥകള്‍ കൂടി പാലിക്കേണ്ടിവരും. ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കണം. സ്ഥാപനത്തില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ അതാതു നഗരസഭകള്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കണം. ലൈസന്‍സിനായി പ്രത്യേകം ഫീസും നല്‍കണം.

ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവക്ക് ഫീസിനത്തില്‍ ഇളവുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് അത്തരം സ്ഥാപങ്ങള്‍ക്കു 24 മണിക്കൂറും പ്രവര്‍ത്തിക്കാവുന്നതാണ്. നിലവില്‍ അപൂര്‍വം ചില സ്ഥാപനങ്ങള്‍ രാജ്യത്ത് 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്.

പുതിയ തീരുമാനപ്രകാരം വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അനുമതി ലഭിക്കും. തീരുമാനം വ്യാപാര മേഖലയില്‍ പുത്തനുണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x