
അബൂദബി: അബൂദബിയിലെ പ്രധാന റോഡുകളില്‍ ഈ മാസം 15 മുതല്‍ ആരംഭിക്കാനിരുന്ന ടോള്‍ സംവിധാനത്തിന് ജനുവരി ഒന്ന് വരെ സാവകാശം. 2020 മുതലേ വാഹനയാത്രികരില്‍ നിന്ന് ഫീസ് ഈടാക്കിത്തുടങ്ങുകയുള്ളു എന്ന് അബൂദബി ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുകയും മുന്നൊരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയാക്കുകയും ചെയ്തുവെങ്കിലും യാത്രക്കാര്‍ക്ക് ഈ സംവിധാനം കൂടുതല്‍ പരിചിതമാക്കുവാനും വാഹന രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാനും കൂടുതല്‍ സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ട് സമയം ദീര്‍ഘിപ്പിക്കുകയായിരുന്നു.
മുതിര്‍ന്ന പൗരന്‍മാര്‍, വിരമിച്ച ആളുകള്‍, രക്തസാക്ഷികളുടെ ഉറ്റ കുടുംബാംഗങ്ങള്‍, ശാരീരിക വ്യതിയാനങ്ങളുള്ളവര്‍, കുറഞ്ഞ വരുമാനക്കാര്‍ എന്നിവരെ ടോളില്‍നിന്ന് ഒഴിവാക്കും. ഒരു വാഹനം ഉള്ളവര്‍ക്ക് 200 ദിര്‍ഹമില്‍ കൂടുതല്‍ നിരക്ക് ടോളായി നല്‍കേണ്ടി വരില്ല. രണ്ടാമത്തെ വാഹനത്തിന് 150, അതിനു പുറമെയുള്ള ഓരോ വാഹനത്തിനും 100 ദിര്‍ഹം വീതം എന്നതാണ് പരമാവധി ടോള്‍ നിരക്ക്. ഒരു ദിവസം ഒരു വാഹനത്തിന് നല്‍കേണ്ടി വരുന്ന പരമാവധി ടോള്‍ 16 ദിര്‍ഹമാണ്. നാല് പാലങ്ങളിലാണ് ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.