
അബൂദബി: അഡ്നോക് പെട്രോള്‍ സ്റ്റേഷനുകളില്‍ ഈടാക്കിയിരുന്ന പത്ത് ദിര്‍ഹം ഫീസ് ഒഴിവാക്കി. ഉപഭോക്താക്കളുടെ അഭ്യര്‍ഥന മുന്‍നിര്‍ത്തിയാണ് നിരക്ക് പിന്‍വലിച്ചതെന്ന് അഡ്നോക് അധികൃതര്‍ പറഞ്ഞു.
2018 ജൂണിലാണ് ഇന്ധനം നിറച്ചു നല്കുന്ന പ്രീമിയം സേവനത്തിന് അഡ്നോക് പെട്രോള്‍ സ്റ്റേഷനുകളില്‍ പത്ത് ദിര്‍ഹം ഈടാക്കി തുടങ്ങിയത്. വയോധികര്‍, അംഗപരിമിതര്‍, പരിക്കുള്ളവര് തുടങ്ങിയവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ നിരക്ക് ഏര്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം ആളുകളില്‍ നിന്നുണ്ടായത്. ഇത് കണക്കിലെടുത്താണ് തീരുമാനമെന്ന് അഡ്നോക് വിതരണ വിഭാഗം ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് സഈദ് അല്‍ റശ്ദി അറിയിച്ചു. പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തിയ പ്രീമിയം കൗണ്ടറുകള്‍ മുഖേന സേവനം പ്രയോജനപ്പെടുത്തുന്നവരില്‍ നിന്നായിരുന്നു പത്ത് ദിര്‍ഹം ഈടാക്കി വന്നത്.
അഡ്നോക് നടത്തിയ സര്‍വേ പ്രകാരം 80 ശതമാനം ഉപഭോക്താക്കളും സ്വന്തം നിലക്കു തന്നെ വാഹനത്തില്‍ പെട്രോള്‍ നിറക്കാനായിരുന്നു താല്പര്യമെടുത്തത്. ചൂടുകാലവും മറ്റും മുന്‍നിര്‍ത്തി ഒരു വിഭാഗം പ്രീമിയം വിഭാഗത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അതിനിടെ, അഡ്നോക് റിവാര്‍ഡ്സ് എന്ന പേരില്‍ പുതിയ പ്രമോഷന് പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.