
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം കുറക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. അമിതമായും അനാവശ്യമായും ആന്റിബയോട്ടിക് ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം അപകടമാണെന്നു പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനാണു മന്ത്രാലയത്തിന്റെ ശ്രമം.
ബോധവല്‍ക്കരണ കാമ്പയിന്റെ ആദ്യഘട്ടത്തില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ആശുപത്രികള്‍ സന്ദര്‍ശിച്ചു വിവരശേഖരണം നടത്തും. തുടര്‍ന്ന് ഏതൊക്കെ രോഗങ്ങള്‍ക്ക് എത്ര അളവില്‍ എത്രകാലം ആന്റിബയോട്ടിക്ക് ഉപയോഗിക്കണമെന്നത് സംബന്ധിച്ച ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 83 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കും ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച് നയം ഉണ്ട്. ബാക്കിയുള്ളവര്‍ക്ക് ഇതുസംബന്ധിച്ച നയരൂപവത്കരണത്തിന് മന്ത്രാലയം സഹായം നല്‍കും.
ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും അമിതവും അനാവശ്യവുമായ ഉപയോഗം അപകടകരമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ബോധവല്‍ക്കരണ കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നതെന്നു ആരോഗ്യമന്ത്രാലയത്തിലെ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍ മുതവ്വ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.