
കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ വ്യാജ രേഖ ഉപയോഗിച്ച് വീണ്ടും തിരികെ വരുന്നത് തടയാന്‍ ആഭ്യന്തര വകുപ്പ് നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി നാടുകടത്തല്‍ കേന്ദ്രം വഴി മാത്രം ഇത്തരക്കാരെ കയറ്റി അയച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ഇലക്‌ട്രോണിക് വിരലടയാളം എടുത്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണിത്. നാടുകടത്തല്‍ കേന്ദ്രത്തിലെ വിരലടയാളം ജനറല്‍ ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, തെളിവെടുപ്പ് വിഭാഗം തുടങ്ങി വകുപ്പുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ മറ്റൊരു പാസ്‌പോര്‍ട്ട് ഉപയോഗിച്ചോ പേര് തിരുത്തി പുതിയ പാസ്‌പോര്‍ട്ടിലോ മടങ്ങിയെത്തിയാല്‍പോലും ഡിപ്പോര്‍ട്ടേഷന്‍ ഡിറ്റക്ടര്‍ അത് കണ്ടെത്തും. ഇങ്ങനെ നിരവധി വിദേശികളാണ് കഴിഞ്ഞ മാസങ്ങളില്‍ പിടിയിലായത്. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് നാടുകടത്തിയ ശേഷം അനധികൃതമായി തിരികെയെത്താന്‍ ശ്രമിക്കുമ്പോള്‍ പിടിയിലായത്.
ഇവരെ വീണ്ടും നാടുകടത്തുകയാണ് ചെയ്യുന്നത്. ഇത് സര്‍ക്കാറിന് അധിക ബാധ്യതയാണ്. നാടുകടത്താനുള്ള ചെലവ് അതത് രാജ്യങ്ങളുടെ എംബസിയില്‍നിന്ന് ഈടാക്കണമെന്ന ആവശ്യം വിവിധ പാര്‍ലമന്റെ് അംഗങ്ങള്‍ ഇതിനകം ഉന്നയച്ചിട്ടുണ്ട്.
കുവൈത്തില്‍നിന്ന് ഈ വര്‍ഷം ആദ്യ ഒമ്പതു മാസത്തിനിടെ 18,000 വിദേശികളെ വിരലടയാളമെടുത്ത് തിരിച്ചുവരാന്‍ കഴിയാത്തവിധം നാടുകടത്തി. ഇതില്‍ 12,000 പേര്‍ പുരുഷന്മാരും 6000 പേര്‍ സ്ത്രീകളുമാണ്. നാടുകടത്തിയവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. 5000 ഇന്ത്യക്കാരെയാണ് ഈ വര്‍ഷം നാടുകടത്തിയതെന്ന് ബന്ധപ്പെട്ട് വകുപ്പിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.