Currency

വാട്‌സാപ്പ് കോളുകളുടെ വിലക്ക്; യു.എ.ഇ പിന്‍വലിച്ചേക്കും

സ്വന്തം ലേഖകന്‍Thursday, November 7, 2019 2:37 pm

കുവൈത്ത് സിറ്റി: വാട്ട്‌സ്ആപ്പ് മുഖേന വോയിസ്, വീഡിയോ കോളുകള്‍ വിളിക്കുന്നതിന് യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് വൈകാതെ പിന്‍വലിച്ചേക്കും. വാട്ട്‌സ്ആപ്പിനൊപ്പം കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. വിവിധ തലങ്ങളില്‍ വാട്ട്‌സ്ആപ്പുമായി രാജ്യം അടുത്തിടെ ധാരണയിലെത്തിയിരുന്നു.

യു.എ.ഇയുമായി കൂടിച്ചേര്‍ന്ന് വിവിധ പദ്ധതികളാണ് വാട്ട്‌സ്ആപ് കമ്പനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി വാട്ട്‌സ്ആപ്പ് വോയിസ്, ബ്രോഡ്കാസ്റ്റിങ് കോളുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് നീക്കേണ്ടതുണ്ടെന്ന് നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു. താമസിയാതെ വിലക്ക് പിന്‍വലിക്കുമെന്നാണ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് വിളിക്കാന്‍ കൂടുതലായും ഇത്തരം സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. വാട്ട്‌സ്ആപ് കോള്‍ വിലക്ക് പിന്‍വലിക്കുന്നതോടെ ലക്ഷണക്കണക്കിന് പ്രവാസികള്‍ക്ക് അത് വലിയ പ്രയോജനം ചെയ്യും.

സ്‌കൈപ്പ്, ഫേസ്‌ടൈം എന്നിവക്ക് ഏര്‍പെടുത്തിയ നിരോധം പിന്‍വലിക്കുന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ്, ആപ്പ്ള്‍ കമ്പനികളുമായി യു.എ.ഇ ടെലികോം അതോറിറ്റി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അന്തിമ തീരുമാനം വൈകുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x