
മനാമ: ബഹ്റൈനില്‍ ഗാര്‍ഹിക ജോലി വിസയില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നിര്‍ബന്ധിത ആരോഗ്യ പരിശോധന നടത്തണമെന്ന് പാര്‍ലമെന്റില്‍ ശിപാര്‍ശ. ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനാണ് നിര്‍ദേശമെന്ന് ഈ ആവശ്യം ഉന്നയിച്ച അഞ്ചോളം എം.പിമാര്‍ വ്യക്തമാക്കി.
വീട്ടു ജോലിക്കാരും മറ്റ് ഗാര്‍ഹിക തൊഴിലാളികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ നിര്‍ബന്ധിത ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് പാര്‍ലമെന്റില്‍ എം.പിമാരുടെ ശിപാര്‍ശ. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഉദ്യാനപരിപാലകര്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് മുമ്പ് ജോലികളില്‍ പ്രവേശിക്കുന്നത് വഴി വീടുകളിലുള്ളവര്‍ക്ക് അസുഖങ്ങള്‍ പടരുന്നതിനുള്ള സാധ്യത തടയുവാനാണ് ഈ ആവശ്യമുന്നയിച്ചതെന്ന് എം.പിമാര്‍ വ്യക്തമാക്കി. ഫാതിമ അല്ഖതരിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് പാര്‍ലമെന്റില്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
നിലവില്‍ ഗാര്‍ഹിക ജോലിക്കാര്‍ മെഡിക്കല്‍ ക്ലിയറന്‍സ് ലഭിക്കുന്നതിന് മുമ്പ് രോഗികളാണോ അല്ലയോ എന്നറിയാതെ ദിവസങ്ങളോളം വീടുകളില്‍ എത്തി താമസിക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കി വിമാനത്താവളങ്ങളില്‍നിന്ന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിനുശേഷം മാത്രം വീടുകളില്‍ ജോലിയില്‍ പ്രവേശിക്കുന്നത് വഴി വീട്ടിലുള്ളവരുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയുമെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.