Currency

സൗദി നിരത്തുകളില്‍ ഉടന്‍ വനിതാ ട്രാഫിക്ക് പൊലീസ് എത്തും; ഗതാഗത നിയന്ത്രണ ചുമതല

സ്വന്തം ലേഖകന്‍Thursday, November 14, 2019 12:06 pm

റിയാദ്: സിവില്‍ സുരക്ഷാ വിഭാഗങ്ങളിലേക്കും വനിതാ പ്രാതിനിധ്യം വ്യാപിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. ഗതാഗത നിയന്ത്രണ ചുമതലയിലാണ് ഇനി വനിതകളെ പങ്കാളികളാക്കുന്നത്. ഇതിനകം പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പൊലീസുകാര്‍ ഉടന്‍ റോഡ് സുരക്ഷക്ക് നിയോഗിക്കപ്പെടും. പൊതുസുരക്ഷാ വിഭാഗവും റോഡ് സുരക്ഷാ അതോറിറ്റിയും ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സേനാ വിഭാഗങ്ങളില്‍ സ്ത്രീകളെ നിയമിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പാണ് പുതിയ തീരുമാനം.

റിയാദ്, അല്‍ഖസീം, നജ്‌റാന്‍, തബൂക്ക് പ്രവിശ്യകളിലാണ് ട്രാഫിക് പൊലീസ് വേഷത്തില്‍ വനിതകള്‍ ആദ്യം നിരത്തിലിറങ്ങുക. വാഹനം ഓടിക്കുന്നവരുടെയും കാല്‍നടക്കാരുടെയും സുരക്ഷക്ക് വേണ്ടിയുള്ള നിരീക്ഷണവും നിയന്ത്രണവുമായിരിക്കും ചുമതല. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇരു അതോറിറ്റികളും വനിത പൊലീസുകാര്‍ക്ക് നല്‍കും. ആദ്യം ഏതാനും പ്രവിശ്യകളില്‍ മാത്രമാണ് നടപ്പാവുകയെങ്കിലും പിന്നീട് രാജ്യവ്യാപകമാക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വനിതാ ട്രാഫിക് പൊലീസിന് വേണ്ടി ഓഫീസുകള്‍ തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇപ്പോള്‍തന്നെ പുരോഗമിക്കുകയാണ്.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങളും ഹെല്‍മെറ്റ്, സണ്‍ഗ്ലാസ്, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയും ഇവര്‍ക്ക് നല്‍കും. വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിനാവശ്യമായ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍, എയര്‍ ബാഗുകള്‍, സ്‌പെയര്‍ ടയറുകള്‍, തീയണക്കാനുള്ള സംവിധാനം, പ്രാഥമിക ശുശ്രൂഷ കിറ്റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള മറ്റ് സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ച കാറുകളിലാണ് വനിതാ ട്രാഫിക് പൊലീസുകാര്‍ നിരത്തുകളിലുണ്ടാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x