
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു വിദേശി ജീവനക്കാരുടെ എണ്ണം 127,000 നിന്ന് 123,000 ആയി കുറഞ്ഞു. ചില വകുപ്പുകള്‍ പൂര്‍ണമായി സ്വദേശി വല്‍ക്കരണം നടപ്പാക്കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയാണ് പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്ക് പുറത്തു വിട്ടത്. ചില ഡിപ്പാര്‍ട്ടുമെന്റുകളില്‍ പേരിനു പോലും വിദേശികള്‍ ഇല്ലാത്ത സാഹചര്യവും നിലവിലുണ്ട്.
കുവൈത്ത് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ ഷിപ്പ് പ്രൊജക്റ്റ്, പബ്ലിക് അതോറിറ്റി ഫോര്‍ ഖുര്‍ആന്‍ ആന്‍ഡ് സുന്നത്ത് എന്നീ വകുപ്പുകളില്‍ പൂജ്യം ശതമാനമാണ് വിദേശി സാന്നിധ്യം. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍സ് ലെയ്സണ്‍ ഓഫീസ്, മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും സ്റ്റോക് എക്സ്ചേഞ്ചില്‍ മൂന്നും സിറ്റിസണ്‍ സര്‍വീസ് ഏജന്‍സിയില്‍ എട്ടും വിദേശികള്‍ മാത്രമാണ് ജീവനക്കാരായുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളായ കുവൈത്ത് ഓയില്‍ കമ്പനിയില്‍ 2000 വിദേശികളും കുവൈത്ത് ഫ്ലോര്‍മില്‍ ആന്‍ഡ് ബേക്കറീസ് കമ്പനിയില്‍ 4425 വിദേശികളും തൊഴിലെടുക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത് ആരോഗ്യമന്ത്രാലയത്തിലാണ്. 33,926 ആണ് വിദേശി ജീവനക്കര്‍. എണ്‍പതോളം സര്‍ക്കാര്‍ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും തൊഴില്‍ ശേഷി സംബന്ധിച്ച കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.