Currency

ദന്താരോഗ്യ മേഖലയിലും 55 ശതമാനം സ്വദേശിവത്കരിക്കാനൊരുങ്ങി സൗദി

സ്വന്തം ലേഖകന്‍Wednesday, November 27, 2019 11:48 am

റിയാദ്: ദന്താരോഗ്യ മേഖലയില്‍ 55 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. രണ്ടു തവണകളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിലവില്‍ വരും. മാര്‍ച്ച് 26 മുതല്‍ ഒന്നാം ഘട്ടമായ 25 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കും. രണ്ടാം ഘട്ടം 2021 മാര്‍ച്ച് 14 മുതലായിരിക്കും ആരംഭിക്കുക. അന്ന് മുതല്‍ അടുത്ത 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പില്‍ വരും. മൂന്നോ അതില്‍ കൂടുതലോ ദന്ത ഡോക്ടര്‍മാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും പുതിയ തീരുമാനം ബാധകമാവുക.

തൊഴില്‍ സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍ റാജ്ഹിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും പുതിയ തീരുമാനം നടപ്പാക്കുന്നുണ്ടെന്നു ആരോഗ്യ മന്ത്രാലയം ഉറപ്പു വരുത്തും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്നു മന്ത്രാലയ വക്താവ് ഖാലിദ് അല്‍ ഖലീല്‍ പറഞ്ഞു.

സ്വദേശികളായ ദന്ത ഡോക്ടര്‍മാരുടെ തൊഴിലില്ലാഴ്മ നിരക്ക് കുറക്കുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ഉദ്ദേശം. വിദേശത്തുനിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്‌മെന്റ് വിലക്കുന്നതിനെക്കുറിച്ചു വിവിധ മന്ത്രാലയങ്ങള്‍ ധാരണയിലെത്തിയതായി സൗദി ആരോഗ്യ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x