Currency

നിതാഖാത്ത് വ്യവസ്ഥയില്‍ പുതിയ മാറ്റം; സൗദിയില്‍ ഒന്നേകാല്‍ ലക്ഷത്തോളം വിദേശികളെ ബാധിക്കും

സ്വന്തം ലേഖകന്‍Sunday, December 8, 2019 11:20 am

റിയാദ്: സൗദിയില്‍ നിതാഖാത്ത് വ്യവസ്ഥയിലെ പുതിയ മാറ്റം ഒന്നേക്കാല്‍ ലക്ഷത്തോളം വിദേശികളെ ബാധിക്കും. ജനുവരി 26 ന് മുമ്പ് മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ സുരക്ഷിത വിഭാഗത്തിലേക്ക് മാറണമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

രാജ്യത്ത് 12,000 ത്തോളം (11,900) സ്ഥാപനങ്ങളിലായി 1,15,000 ത്തോളം വിദേശികളും, 15,000 ത്തോളം സ്വദേശികളും മഞ്ഞ വിഭാഗത്തില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. 12,500 ഓളം (12,481) സ്ഥാപനങ്ങള്‍ ചുവപ്പ് വിഭാഗത്തിലും പ്രവര്‍ത്തിച്ച് വരുന്നു. അടുത്ത ജനുവരി 26 മുതല്‍ മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങളെ ചുവപ്പ് വിഭാഗത്തില്‍ ലയിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അറിയിച്ചിരുന്നു. അതിന് മുമ്പായി മഞ്ഞ വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ ജോലിക്ക് നിയമിച്ച് സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറണമെന്ന് തൊഴില്‍ സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാതെ ചുവപ്പ് വിഭാഗത്തില്‍ തുടരുന്ന സ്ഥാപനങ്ങള്‍ അടച്ച് പൂട്ടേണ്ടി വരും. അതേസമയം, ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x