
റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ (താമസ രേഖ) സാങ്കേതിക, അക്കൗണ്ടന്റ് തസ്തികകളില്‍ പുതുക്കണമെങ്കില്‍ വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന നിയമം പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇഖാമയില്‍ ടെക്നിക്കല്‍, അക്കൗണ്ടന്റ് പ്രഫഷനുകള്‍ രേഖപ്പെടുത്തിയവര്‍ സൗദി എന്‍ജിനീയറിങ് കൗണ്‍സിലിലും സൗദി ഓര്ഗനൈസേഷന് ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സിലും (സോക്പ) രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന അടുത്തിടെ സൗദി അറേബ്യയില്‍ നടപ്പാക്കിയിരുന്നു.
വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇഖാമ പുതുക്കാന്‍ കഴിയൂ. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കി. എല്ലാവരും തസ്തികക്ക് അനുസൃതമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാരജരാക്കണമെന്നും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് അറിയിപ്പ്. കാലാവധി അവസാനിക്കും മുമ്പ് പ്രഫഷനല്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇഖാമ പുതുക്കാനാവില്ലെന്ന സന്ദേശമാണ് കമ്പനികള്‍ നല്‍കിയിരിക്കുന്നത്. ഇഖാമ പുതുക്കാതെ ജോലിയില്‍ തുടരാനാവില്ലെന്നും മറിച്ചായാല്‍ വരുന്നത് ഗുരുതര ഭവ്യഷ്യത്തുകളായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
തൊഴിലാളികള്‍ക്ക് മാത്രമല്ല തൊഴില്‍ നല്കുന്ന വ്യക്തിക്കും സ്ഥാപനത്തിനും കൂടി പ്രത്യാഘാതമുണ്ടാകും. വന്‍ സാമ്പത്തിക പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടിവരും. ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നതിന് പിടിക്കപ്പെട്ടാല്‍ തൊഴിലുടമക്ക് സാമ്പത്തിക പിഴ മാത്രമല്ല സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ ഭാഗികമായി തടയ്യപ്പെടുകയും ചെയ്യും. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തവരെ ഫൈനല്‍ എക്സിറ്റില്‍ വിടുകയാണ് പല സ്ഥാപനങ്ങളും. ആരോഗ്യ ഇന്‍ഷുറന്‍സ് പോലെ തന്നെ പ്രഫഷനല്‍ രജിസ്ട്രേഷനും കൂടി സാധുവാണെന്ന് ഉറപ്പുവരുത്തിയിട്ടേ സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) ഇഖാമ പുതുക്കൂ. അതേസമയം ശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ടാല്‍ പിന്നീട് സൗദിയിലേക്ക് പുനപ്രവേശിക്കാനുമാകില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.