Currency

ഉംറ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ്; പദ്ധതി പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Friday, December 13, 2019 12:29 pm

റിയാദ്: സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രാബല്യത്തിലായി. ഹജ്ജ് ഉംറ മന്ത്രാലയം, തവുനിയ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ആരോഗ്യ സേവനങ്ങള്‍ക്ക് പുറമെ വിമാനത്താവളങ്ങളില്‍ നേരിടേണ്ടി വരുന്ന വിവിധ യാത്ര പ്രശ്‌നങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. തീര്‍ത്ഥാടകര്‍ സൗദിയിലെത്തുന്നത് മുതല്‍ രാജ്യം വിടുന്നത് വരെയുള്ള കാലത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ആരോഗ്യ സേവനങ്ങള്‍ക്ക് പുറമെ നിരവധി ആനുകൂല്യങ്ങളും പദ്ധതിവഴി ലഭിക്കും. ഒരു മാസത്തെ പോളിസിക്ക് 189 റിയാലാണ് ഓരോ തീര്‍ത്ഥാടകനും ഇതിനായി അടക്കേണ്ടത്. ഇത് വഴി ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങള്‍ ലഭിക്കും, കൂടാതെ അടിയന്തിര ഘട്ടങ്ങളിലും, ദുരന്തങ്ങളിലും, തീര്‍ത്ഥാടകരുടെ യാത്രക്കിടെയുണ്ടാകുന്ന അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.

മാത്രവുമല്ല വിമാനം വൈകുന്നതിന് 500 റിയാല്‍ വരെയും, യാത്ര റദ്ധാക്കിയാല്‍ 5000 റിയാല്‍ വരെയും, തീര്‍ത്ഥാടകന്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലേക്ക് തിരിച്ചയക്കാന്‍ 10,000 റിയാല്‍ വരെയും അപകടമരണത്തിന് ഒരു ലക്ഷം റിയാല്‍ വരെയും നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി. ബാഗേജ് നഷ്ടപ്പെടുന്നതിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ഒരുമാസം കാലവധിയുള്ള പോളിസി ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കുവാനും സൗകര്യമുണ്ട്.

വിവിധ ഭാഷകളില്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളും, സേവന കേന്ദ്രങ്ങളും സഹായത്തിനുണ്ടാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ളതോ, ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ അംഗീകാരമുള്ളതോ ആയ ആശുപത്രികളിലും, ക്ലിനിക്കുകളിലും, സ്വകാര്യ ആശുപത്രികളിലും പാസ് പോര്‍ട്ട് ഹാജരാക്കി തീര്‍ത്ഥാടകര്‍ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യം നേടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x