
കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ അവധിയെടുത്ത് വിദേശത്ത് പോവുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പൊതുഅവധി ദിനങ്ങളോട് അനുബന്ധിച്ച് വരുന്ന പ്രവൃത്തി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണു നടപടി. വിമാനത്താവളത്തിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പ്രത്യേക നിരീക്ഷണ സംവിധാനം സ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അവധി നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിച്ചത്. ഇതോടെ രോഗാവധിയില്‍ കഴിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയോടെയുള്ള വിദേശ ചികിത്സക്കായല്ലാതെ രാജ്യം വിടാന്‍ കഴിയില്ല. കൃത്രിമമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയാല്‍ അവ നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാവും.
പൊതുമുതല്‍ ദുരുപയോഗം ചെയ്ത കുറ്റമായിരിക്കും ഇവര്‍ക്കെതിരെ ചുമത്തുക. സര്‍ക്കാര്‍ മേഖലക്ക് ഏകീകൃതമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഫോമുകള്‍ നടപ്പാക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.