Currency

ജിദ്ദ പുതിയ വിമാനത്താവളത്തിലേക്ക് കൂടുതല്‍ സര്‍വിസുകള്‍

സ്വന്തം ലേഖകന്‍Saturday, December 28, 2019 11:45 am

ജിദ്ദ: പുതിയ ഏഴ് സര്‍വിസുകള്‍ കൂടി ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലേക്ക് മാറ്റി. അഞ്ച് അന്താരാഷ്ട്ര സര്‍വിസുകളും രണ്ട് ആഭ്യന്തര സര്‍വിസുകളുമാണ് പുതിയ ടെര്‍മിനലിലേക്ക് മാറ്റിയത് എന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇതോടെ പുതിയ ടെര്‍മിനലില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ സര്‍വിസുകളുടെ എണ്ണം 42 ആയി.

ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍നിന്ന് പുതിയ ടെര്‍മിനലിലേക്ക് സൗദിയ സര്‍വിസുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നത്. പദ്ധതിയുടെ നാലാം ഘട്ടമായാണ് സൗദി എയര്‍ലൈന്‍സിന്റെ ഏഴ് സര്‍വിസുകള്‍ കൂടി പുതിയ ടെര്‍മിനലിലേക്ക് മാറ്റിയത്. ദമ്മാം, അല്‍ ഖസീം എന്നീ ആഭ്യന്തര സര്‍വിസുകളും കൈറോ, ബൈറൂത്, കാര്‍ത്തും, കുവൈത്ത്, നൈറോബി എന്നീ അന്താരാഷ്ട്ര സെക്ടറുകളിലേക്കുമാണ് പുതിയ സര്‍വിസുകള്‍.

പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലാണ് കോഴിക്കോടും കൊച്ചിയും ഉള്‍പ്പെടെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഇസ്തംബൂള്‍, അങ്കാറ, തുനീസ്, ലഖ്‌നോ എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ പുതിയ ടെര്‍മിനലില്‍ എത്തുക. വര്‍ഷത്തില്‍ മൂന്ന് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പുതിയ ടെര്‍മിനലിനാവുമെന്നാണ് സൗദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നല്‍കുന്ന കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x