
റിയാദ്: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കോസ്വേയിലൂടെ ഇനി ബൈക്കിലും സഞ്ചരിക്കാം. ഇരുചക്ര വാഹനങ്ങള്‍ക്ക് ഇതുവരെ കിങ് ഫഹദ് കോസ്വേയില്‍ അനുമതി നല്‍കിയിരുന്നില്ല. സൗദിയില്‍ നിന്ന് ബഹ്റൈനിലേക്കും തിരിച്ചും ബുധനാഴ്ച മുതല്‍ ബൈക്കില്‍ സഞ്ചരിക്കാം. 25 റിയാലാണ് ഫീസ്. ബുധനാഴ്ച രാവിലെ എട്ട് മണി മുതലാണ് മോട്ടോര്‍ ബൈക്കുകള്‍ക്ക് പ്രവേശനാനുമതി. പരീക്ഷണ ഓട്ടമാണിത്. ബൈക്കിന് ലൈസന്‍സ്, നമ്പര്‍ പ്ലേറ്റ് എന്നിവ ഉണ്ടാകണം. ആഴ്ചയില്‍ മുഴുവന്‍ ദിവസവും അനുമതിയുണ്ടാകുമെങ്കിലും മഴയും പൊടിക്കാറ്റും പോലെ പ്രതികൂല കാലാവസ്ഥയില്‍ തടയും.
ഇരുരാജ്യങ്ങളും തമ്മിലെടുത്ത തീരുമാനമാണിതെന്ന് കോസ്വേ സിഇഒ എന്‍ജി. ഇമാദ് അല്‍മുഹൈസിന്‍ അറിയിച്ചു. കോസ്വേയിലെ വലത്തേ അറ്റത്തെ ട്രാക്കാണ് ബൈക്കുകാര്‍ ഉപയോഗിക്കേണ്ടത്. കോസ്വേയിലെ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റിലാണ് ഫീസ് അടയ്‌ക്കേണ്ടത്. ഹെല്‍മറ്റ് ധരിക്കണം. അമിത വേഗത പാടില്ല. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.