
റിയാദ്: രാജ്യത്തെ വിദേശികള്‍ക്ക് ചുമത്തിയ ലെവിയുടെ വിപരീത ഫലങ്ങളെ കുറിച്ചും പഠനം നടത്തണമെന്ന് സൗദി ശൂറാ കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായം. കൂടാതെ സ്വകാര്യ മേഖലയിലെ തൊഴിലുകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ മിനിമം വേതന പരിധി ഉയര്‍ത്തണമെന്നും തൊഴിലില്ലായ്മ പരിഹരിക്കാന്‍ അതൊരു പോംവഴിയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ സ്വകാര്യ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കിയതിനെ അഭിനന്ദിക്കുകയും ഉയര്‍ന്ന പദവികളില്‍ സൗദിവത്കരണം കൂട്ടാനുള്ള നടപടിയെ പിന്തുണക്കുകയും ചെയ്ത കൗണ്‍സിലംഗം ഡോ. സാമിഅ ബുഖാരി മിനിമം വേതന പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.
സൗദിവത്കരണ പദ്ധതി നിതാഖാത് കോണ്‍ട്രാക്ടിങ്, ഓപറേഷന്‍, മെയിന്റനന്‍സ് മേഖലകളിലുണ്ടാക്കിയ അനുകൂലവും പ്രതികൂലവുമായ ഫലങ്ങളിലേക്ക് മറ്റൊരു അംഗം ഉസാമ അല്‍റബീഅ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന തസ്തികകളിലെ സ്വദേശിവത്കരണ തോത് ഉയര്‍ത്താനുള്ള മന്ത്രാലയ നടപടിയെ പിന്തുണച്ച ഡോ. ഫഹദ് ബിന്‍ ജുമ 10 വര്‍ഷത്തിനുള്ളില്‍ നിര്‍ണായക മേഖലകളില്‍ അത് 80 ശതമാനമായി ഉയര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.