
റിയാദ്: കാല്‍ലക്ഷം വിദേശ എന്‍ജിനീയര്‍മാക്ക് 2019ല്‍ സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടു. എന്‍ജിനീയറിങ് തസ്തികകളില്‍ ജോലി ചെയ്തിരുന്ന ഇത്രയും ആളുകള്‍ക്ക് രാജ്യം വിടേണ്ടിവന്നതായി സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ പുറത്തുവിട്ട സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇതേ കാലയളവില്‍ 3,000 സൗദി എന്‍ജിനീയര്‍മാര്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചു.
കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ 1,63,120 എന്‍ജിനീയര്‍മാരാണ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ 38,000 പേര്‍ സൗദി എന്‍ജിനീയര്‍മാരാണെന്ന് കൗണ്‍സില്‍ വക്താവ് അറിയിച്ചു. 1,25,000 വിദേശ എന്‍ജിനീയര്‍മാരും. 2018ല്‍ ഇതേ കാലയളവില്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം 1,49,000 ആയിരുന്നു.
സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും എന്‍ജിനീയേഴ്‌സ് കൗണ്‍സിലും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം നിലവില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ള എന്‍ജിനീയര്‍മാരെ മാത്രമേ ജോലിക്ക് നിയമിക്കാവൂ എന്നതാണ് ചട്ടം. കൂടാതെ പുതുതായി രാജ്യത്ത് എത്തുന്ന എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശോധനയും വ്യക്തിഗത അഭിമുഖവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഘട്ടംഘട്ടമായി നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണവും ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റുമാണ് വിദേശ എന്‍ജിനീയര്‍മാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.