Currency

യുഎഇയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന് വ്യാജ വാര്‍ത്ത

സ്വന്തം ലേഖകന്‍Sunday, February 2, 2020 12:46 pm

അബുദാബി: യുഎഇയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. യുഎഇ ദിനപത്രമായ ഖലീജ് ടൈംസിന്റെ വെബ്‌സൈറ്റിലെ ഒരു വാര്‍ത്ത എഡിറ്റ് ചെയ്തുണ്ടാക്കിയ വ്യാജ ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി രണ്ടു മുതല്‍ രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചെന്നാണ് വ്യാജ വാര്‍ത്തയുടെ ഉള്ളടക്കം. എന്നാല്‍ ഇത് തെറ്റാണെന്നും ജനുവരി 30ന് പ്രസിദ്ധീകരിച്ച മറ്റൊരു വാര്‍ത്തയുടെ തലക്കെട്ട് എഡിറ്റ് ചെയ്തുമാറ്റിയാണ് വ്യാജ വാര്‍ത്തയുണ്ടാക്കിയെന്നും ഖലീജ് ടൈംസ് അധികൃതര്‍ വ്യക്തമാക്കി.

ചൈനയില്‍ നിന്നുവന്ന ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങളുണ്ടായിരുന്നു. ഇത് വാസ്തവ വിരുദ്ധമാണെന്ന് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x