
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി സൗജന്യ വിമാന യാത്ര വാഗ്ദാനം ചെയ്ത് സ്പൈസ് ജെറ്റ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മികച്ച ഓഫറുമായി എത്തിയിരിക്കുന്നത്. ഫെബ്രുവരി 8-ന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് പങ്കെടുക്കാന്‍ പോകുന്ന വോട്ടര്‍മാര്‍ക്കാണ് സ്പൈസ് ജെറ്റ് സൗജന്യ ടിക്കറ്റ് നേടാനുള്ള അവസരം ഒരുക്കുന്നത്. ‘സ്പൈസ് ഡെമോക്രസി’ എന്ന ഓഫറിനു വേണ്ടി സ്പൈസ്ജെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുണ്ട്.
യാത്രക്കാര്‍ക്കായി നൂറുകണക്കിന് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നതായി കമ്പനി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈ ഓഫര്‍ പ്രകാരം നികുതികളും മറ്റ് സര്‍ചാര്‍ജുകളും ഒഴികെ യാത്രക്കാര്‍ക്ക് ടിക്കറ്റിന്റെ മുഴുവന്‍ തുകയും സ്പൈസ് ജെറ്റ് തിരിച്ചു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സ്പൈസ് ജെറ്റിന്റെ ഈ ഓഫര്‍ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫെബ്രുവരി 5 വരെ ഉണ്ടായിരിക്കും, കമ്പനി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന യാത്രക്കാരെ ഫെബ്രുവരി 6-ന് തന്നെ അറിയിക്കുന്നതാണ്. ഇങ്ങനെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത യാത്രക്കാര്‍ക്ക് അടിസ്ഥാന നിരക്ക് ഈടാക്കുന്ന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് നല്‍കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത യാത്രക്കാര്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തതിനുശേഷം അവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പ്രൊഫൈലുകളില്‍ #SpiceDemocracy എന്ന ടാഗിനൊപ്പം മഷി പുരട്ടിയ വിരല്‍ കാണിച്ച് ഒരു സെല്‍ഫി അപ്ലോഡ് ചെയ്യേണ്ടതാണ്.
ഈ ഓഫര്‍ പ്രകാരം, നിങ്ങള്‍ ഡല്‍ഹിയിലേക്ക് യാത്രചെയ്ത് ഫെബ്രുവരി 8-ന് തന്നെ മടങ്ങുകയാണെങ്കില്‍ എയര്‍ലൈന്‍ ടിക്കറ്റുകളുടെ (അപ്പ് ആന്‍ഡ് ഡൗണ്‍) മുഴുവന്‍ അടിസ്ഥാന നിരക്കുകളും തിരികെ നല്‍കും. ഫെബ്രുവരി 7-ന് ഡല്‍ഹിയിലേക്ക് പോകാനും ഫെബ്രുവരി 8-ന് മടങ്ങാനും അല്ലെങ്കില്‍ ഫെബ്രുവരി 8-ന് പോയശേഷം 9-ന് മടങ്ങാനുമാണ് നിങ്ങളുടെ പ്ലാനെങ്കില്‍ വണ്‍വേ ടിക്കറ്റിന്റെ അടിസ്ഥാന നിരക്ക് മാത്രം തിരികെ നല്‍കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.