Currency

ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ വിദേശികള്‍ ഇനി കെട്ടിട വാടക കരാര്‍കൂടി സമര്‍പ്പിക്കണം

സ്വന്തം ലേഖകന്‍Thursday, February 6, 2020 11:12 am

മസ്‌കത്ത്: ഒമാനില്‍ റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് വിദേശികള്‍ ഇനി കെട്ടിട വാടക കരാര്‍ കൂടി സമര്‍പ്പിക്കണം. രാജ്യത്ത് താമസിക്കുന്നവരുടെ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഇ സെന്‍സസ് 2020 ന്റെ ഭാഗമാണിത്. വാടക കരാര്‍ നല്‍കാത്തവര്‍ക്ക് കാര്‍ഡ് പുതുക്കാനാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ വൈദ്യുതി ബില്ലിന്റെ കോപ്പി നിര്‍ബന്ധമാക്കിയിരുന്നു.

സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ പാസ്പോര്‍ട്ടോ പുതുക്കുന്നതിനും വൈദ്യുതി ബില്ലും വാടക കരാര്‍ ഉണ്ടെങ്കില്‍ അതും ആവശ്യമാണ്. രാജ്യത്ത് താമസിക്കുന്ന ഓരോ സ്വദേശിയും വിദേശിയും ആര്‍.ഒ.പി വെബ്‌സൈറ്റിലെ സിവില്‍ രജിസ്റ്റര്‍ സംവിധാനത്തില്‍ തങ്ങളുടെ വിലാസം പുതുക്കേണ്ടതാണെന്ന് ആര്‍.ഒ.പി വക്താവ് പറഞ്ഞു.

സ്വന്തമായോ വാടകക്കോയുള്ള വസ്തുവിന്റെ വൈദ്യുതി ബില്ലിലെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ആര്‍.ഒ.പിയുടെ സിവില്‍ സ്റ്റാറ്റസ് വിഭാഗം ഓഫീസില്‍ വൈദ്യുതി ബില്ലിന്റെ കോപ്പിയുമായി എത്തിയാലും മതി. താമസ കാര്‍ഡ് പുതുക്കാന്‍ അപേക്ഷിക്കുമ്പോഴാണ് വിദേശികള്‍ വൈദ്യുതി ബില്ലിനൊപ്പം വാടക കരാറിന്റെ കോപ്പിയോ വസ്തു ഉടമസ്ഥനില്‍ നിന്നുള്ള കത്തോ സമര്‍പ്പിക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x