
മനാമ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും പലരും അത് പാലിക്കാറില്ല. ഇതുവഴി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി ഗതാഗത വകുപ്പ് രംഗത്ത്. മാര്‍ച്ചില്‍ നടത്തുന്ന ട്രാഫിക് വാരാചരണത്തിന്റെ മുന്നോടിയായി ബോധവത്കരണ മത്സരമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അപകടങ്ങള്‍ കുറക്കാന്‍ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ബോധവത്കരണ മത്സരം നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ചിലെ ട്രാഫിക് വാരാചരണം.
മികച്ച എജുക്കേഷണല്‍ വിഡിയോ, മികച്ച ഗ്രാഫിക് ഡിസൈന്‍, മികച്ച ചിത്രരചന, മികച്ച വിദ്യാഭ്യാസ ലോഗോ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. വിദ്യാഭ്യാസ വിഡിയോ വിഭാഗത്തില്‍ ഒന്നാം സമ്മാനം 1000 ദീനാറും രണ്ടാം സമ്മാനം 600 ദീനാറുമാണ്. വിഡിയോയുടെ ദൈര്‍ഘ്യം ഒരു മിനിറ്റ് ആയിരിക്കണം. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ സന്ദേശം നല്‍കുന്ന മൗലികമായ സൃഷ്ടിയായിരിക്കണം വിഡിയോ. അക്രമ ദൃശ്യങ്ങള്‍ വിഡിയോയില്‍ ഉണ്ടാകാന്‍ പാടില്ല.
എജുക്കേഷനല്‍ ലോഗോ വിഭാഗത്തില്‍ 150 ദീനാര്‍ വരെയാണ് സമ്മാനം. മികച്ച ഗ്രാഫിക് ഡിസൈന്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം 400 ദീനാറും രണ്ടാം സമ്മാനം 200 ദീനാറുമാണ്. 3-5, 6-11, 12-18 എന്നിങ്ങനെ മൂന്നു പ്രായ വിഭാഗങ്ങളില്‍ ചിത്രരചനയില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് 50 ദീനാര്‍ വീതം സമ്മാനമായി നല്‍കും. ഫെബ്രുവരി 25 ആണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ട്രാഫിക് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ടോ trafficweekbh@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ആയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം. കുടുതല്‍ വിവരങ്ങള്‍ www.traffic.gov.bh എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.