Currency

സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് വ്യവസ്ഥകളില്‍ മാറ്റം; ക്ലൈമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും

സ്വന്തം ലേഖകന്‍Friday, February 7, 2020 10:57 am

റിയാദ്: സൗദിയില്‍ വാഹന ഇന്‍ഷൂറന്‍സ് വ്യവസ്ഥകളില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. നഷ്ടപരിഹാര അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പ്കല്‍പിക്കുന്നതാണ് പുതിയ വ്യവസ്ഥകള്‍. വാഹന ഇന്‍ഷൂറന്‍സ് ക്ലൈമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ഇന്‍ഷൂറന്‍സ് കമ്പനികളെ നിര്‍ബന്ധിപ്പിക്കുന്ന വ്യവസ്ഥയാണ് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി പ്രഖ്യാപിച്ചത്. അപകടങ്ങള്‍ സംഭവിക്കുക വഴി നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളിന്‍മേല്‍ 15 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കണം. അപേക്ഷ അപൂര്‍ണ്ണമാണെങ്കില്‍ അക്കാര്യം ഏഴ് ദിവസത്തിനകം ഉപയോക്താക്കളെ അറിയിക്കുകയും വേണം.

ക്ലെയിമിനായുള്ള അപേക്ഷ ലഭിച്ചാല്‍ 3 ദിവസത്തിനകം വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാര തുക 2000 റിയാലിലും കുറവാണെങ്കില്‍ 5 ദിവസങ്ങള്‍ക്കകം നല്‍കിയിരിക്കണം. വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായ തേഡ് പാര്‍ട്ടി ക്ലെയിമുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള ഫോറവും രേഖകളും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏകീകരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

ഉടമകള്‍ ഏതെങ്കിലും പോളിസി റദ്ദാക്കുകയാണെങ്കില്‍, ആ സമയത്ത് അവശേഷിക്കുന്ന കാലാവധിക്കനുസൃതമായ തുക ബാങ്ക് അക്കൗണ്ട് വഴി ഉടമക്ക് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം കൈമാറണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x