
റിയാദ്: സൗദിയിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ആറ് ലക്ഷത്തിന്റെ കുറവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. സൗദിയില്‍ നടപ്പാക്കിയ സ്വദേശിവത്കരണവും വിവിധ ഫീസുകളുമാണ് തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം.
ലോക്സഭയിലെ ചോദ്യത്തിന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നല്കിയ മറുപടിയിലാണ് പുതിയ കണക്ക് പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരുള്ള രാജ്യം സൗദി അറേബ്യയാണ്. ഇവിടെ പ്രവാസി ജനസംഖ്യ 26 ലക്ഷത്തിനടുത്താണെന്നും കണക്ക് വ്യക്തമാക്കുന്നു. 2017 സെപ്റ്റംബറില്‍ സൗദിയില്‍ ഇന്ത്യന്‍ ജനസംഖ്യ മുപ്പത്തിരണ്ടര ലക്ഷമായിരുന്നു. മൂന്നുവര്‍ഷം കഴിയുമ്പോള്‍ വന്ന കുറവ് ആറുലക്ഷത്തോളമാണ്. ലോകത്ത് 203 രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നതെന്നാണ് മന്ത്രി വി. മുരളീധരന് ലോക്സഭയെ അറിയിച്ചത്.
സൗദി അറേബ്യയില്‍ ഇരുപത്തിയാറ് ലക്ഷത്തോളം (25,94,947) ഇന്ത്യക്കാരുണ്ട്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന സൗദി അറേബ്യയില്‍ നടപ്പാക്കിയത് നിരവധി പരിഷ്കരണങ്ങളാണ്. വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി, തൊഴില്‍ മേഖലയിലെ സൗദിവല്‍ക്കരണം, വനിതാവല്‍ക്കരണം എന്നിവ കാരണം തൊഴില്‍ നഷ്ടപ്പെട്ട് ആളുകള്‍ സ്വദേശങ്ങളിലേക്ക് മടങ്ങി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.