Currency

വിദേശികള്‍ക്കു മാത്രമുള്ള രാജ്യത്തെ രണ്ടാമത്തെ ആശുപത്രി ഫര്‍വാനിയയില്‍ തുറന്നു

സ്വന്തം ലേഖകന്‍Tuesday, February 18, 2020 11:08 am

കുവൈത്ത് സിറ്റി: വിദേശികളുടെ ചികിത്സയ്ക്കായുള്ള രാജ്യത്തെ രണ്ടാമത്തെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സെന്റര്‍ (ദമാന്‍) ഫര്‍വാനിയയില്‍ തുറന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനമാണ് ദമാന്‍. സ്വകാര്യമേഖലയിലെ വിദേശികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനാണ് ദമാന്‍ പ്രാമുഖ്യം നല്‍കുക. അതേസമയം വിദേശികളുടെ ചികിത്സയ്ക്കായുള്ള ആദ്യത്തെ ആശുപത്രി കഴിഞ്ഞ നവംബറില്‍ ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ക്രമേണ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയണ് ദമാന്‍ മെഡിക്കല്‍ സംവിധാനങ്ങള്‍. ദമാന്‍ ശ്രേണിയില്‍ പണിയുന്ന 15 മെഡിക്കല്‍ സെന്ററുകളില്‍ രണ്ടെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. ഹെല്‍ത്ത് സെന്ററുകള്‍ക്ക് പുറമേ രാജ്യത്തു മൂന്നിടങ്ങളിലായി വന്‍കിട ആശുപത്രികളും പണിയുന്നതോടെയാകും ദമാന്‍ പ്രവര്‍ത്തനം പൂര്‍ണ രൂപത്തില്‍ എത്തുക.

2400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫര്‍വാനിയ ദമാന്‍ മെഡിക്കല്‍ സെന്ററില്‍ 18 ക്ലിനിക്കുകളുണ്ട്. 9 ജനറല്‍ മെഡിസിന്‍, 4 ശിശുരോഗവിഭാഗം, 5 ദന്തവിഭാഗം, 4 നഴ്‌സിങ് റൂം, 3 നിരീക്ഷണ റൂം, 6 കാത്തിരിപ്പ് കേന്ദ്രം എന്നിവയുള്‍പ്പെട്ടതാണ് സെന്റര്‍. വൈദ്യ പരിശോധനയ്ക്ക് പുറമെ ആരോഗ്യപ്രോത്സാഹനം, രോഗപ്രതിരോധ അവബോധം എന്നിവയും സെന്റര്‍ കേന്ദ്രീകരിച്ചുണ്ടാകും. വിവിധ ലാബ് പരിശോധനകളും മരുന്നും കേന്ദ്രത്തില്‍ ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x