
കുവൈത്ത് സിറ്റി: യാത്രാനിരോധനം കാരണം കുവൈത്തില്‍ എത്താന്‍ കഴിയാത്ത വിദേശികള്‍ക്ക് ഇഖാമ കാലാവധി കഴിഞ്ഞാലും പുതുക്കി നല്‍കുമെന്ന് അധികൃതര്‍. വിദേശത്തായിരിക്കെ തന്നെ അത്തരക്കാരുടെ ഇഖാമ പുതുക്കി നല്‍കാന്‍ തീരുമാനം. തൊഴില്‍ വീസയിലുള്ളവര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 6 മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിയേണ്ടി വന്നവരാണെങ്കിലും പ്രത്യേക പരിഗണന ലഭിക്കും.
ഇഖാമ പുതുക്കിക്കിട്ടാന്‍ ചെയ്യേണ്ടത്: തൊഴില്‍ വീസയിലുള്ളവരുടെ കമ്പനി പ്രതിനിധികള്‍ അതാത് ഗവര്‍ണറേറ്റുകളിലെ മാന്‍പവര്‍ അതോറിറ്റി ഓഫിസുകളില്‍ നിന്ന് ആദ്യം വര്‍ക്ക് പെര്‍മിറ്റ് സമ്പാദിക്കണം. തുടര്‍ന്ന് താമസാനുമതികാര്യ വിഭാഗത്തില്‍ ചെന്ന് ഇഖാമ പുതുക്കി വാങ്ങണം. പാസ്‌പോര്‍ട്ട് കാലാവധിയുള്ളതായിരിക്കണം എന്ന് നിബന്ധനയുണ്ട്.
ആശ്രിത വീസക്കാര്‍: കുടുംബവീസയിലുള്ളവര്‍ വിദേശത്തായിരിക്കെ ഇഖാമ തീര്‍ന്നതാണെങ്കില്‍ കുടുംബനാഥന്‍ (സ്‌പോണ്‍സര്‍) സമീപിച്ചാല്‍ ആശ്രിതരുടെ ഇഖാമ പുതുക്കിക്കിട്ടും. കുടുംബനാഥന്‍ വിദേശത്തായിരിക്കെ കുവൈത്തിലുള്ള ആശ്രിതരുടെ ഇഖാമാ കാലാവധി അവസാനിക്കുകയാണെങ്കില്‍ ആശ്രിതര്‍ നേരിട്ട് താമസാനുമതികാര്യ വിഭാഗത്തില്‍ ചെന്ന് വസ്തുതകള്‍ ബോധ്യപ്പെടുത്തിയാല്‍ ഇഖാമ പുതുക്കി നല്‍കും.
6 മാസം കഴിഞ്ഞവര്‍ക്ക് പ്രത്യേക പരിഗണന: നിലവില്‍ ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞാല്‍ ഇഖാമ റദ്ദാക്കപ്പെടും. പുതിയ സാഹചര്യത്തില്‍ അങ്ങനെ കഴിയേണ്ടി വന്നവരാണെങ്കില്‍ 6 മാസം എന്നത് കണക്കാക്കാതെ ഇഖാമയിലെ കാലാവധിക്ക് അനുസരിച്ച് കുവൈത്തില്‍ എത്തിയാല്‍ മതിയാകും. ഇഖാമയില്‍ കാലാവധി അവശേഷിക്കുന്നില്ലെങ്കില്‍ 3 മാസം കൂടി അനുവദിക്കും.
സന്ദര്‍ശന വീസക്കാര്‍: കുവൈത്തില്‍ സന്ദര്‍ശന വീസയിലുള്ളവരുടെ വീസാ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ 2 മാസത്തേക്ക് കൂടി കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കും. എല്ലായിനം സന്ദര്‍ശക വീസയ്ക്കും ഈ ആനുകൂല്യം ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.