
വാഷിങ്ടണ്‍: പുതുക്കിയ എച്ച് വണ്‍ ബി വിസ നിയമങ്ങള്‍ നിരവധി ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റ ഇതര വിസയ്ക്കുള്ള അപേക്ഷയ്ക്കും നടപടി ക്രമങ്ങള്ക്കുമുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെ നിരവധി അപേക്ഷകളാണ് ഇതിനോടകം തള്ളിയത്. എച്ച് വണ്‍ ബി വിസയ്ക്കുള്ള പ്രാഥമിക രജിസ്ട്രേഷന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാര്‍ച്ച് 20ന് അവസാനിപ്പിക്കും. അതേസമയം അപേക്ഷകള്‍ ഏപ്രില്‍ 1 മുതല്‍ സ്വീകരിക്കും. പുതിയ നിയമപ്രകാരം വിസ പ്രോസസിംഗ് സമയം കൂടുതല്‍ ആണെന്ന് മാത്രമല്ല, ചെലവും കൂടുതലാണ്.
സാധാരണയായി മാര്‍ച്ച് ആദ്യം മുതല്‍ ഏപ്രില്‍ രണ്ടാം ആഴ്ച വരെയാണ് വിസ നടപടി ക്രമങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ പുതുക്കിയ നിയമ പ്രകാരം മാര്‍ച്ച് മുതല്‍ ജൂലൈ അവസാന വാരം വരെ നടപടികള്‍ നീണ്ടുനില്‍ക്കുമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇമിഗ്രേഷന്‍ നിയമ സ്ഥാപനമായ ഡേവീസ് ആന്റ് അസോസിയേറ്റ്സ് പറയുന്നു. ഇതോടെ ഇന്ത്യന്‍ ഐടി മേഖലയക്ക് തൊഴില്‍ വിസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടേണ്ടി വരും. 2019ല്‍ 24 ശതമാനം അപേക്ഷകളാണ് ഐടി സേവന മേഖലയില്‍ നിന്നും നിരസിച്ചത്.
യുഎസ്സിഐഎസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഐടി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ എന്നിവിടങ്ങളില്‍ നിന്നുള്ള എച്ച് വണ്‍ ബി വിസ നിരസിക്കല്‍ നിരക്ക് 50 ശതമാനമാണ്. അതേസമയം, വന്‍കിട അമേരിക്കന്‍ കമ്പനികളായ ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള അപേക്ഷകളുടെ നിരസിക്കല്‍ നിരക്ക് 2 മുതല്‍ 8 ശതമാനം വരെയാണ്. പ്രതിവര്‍ഷം 85,000 എച്ച് വണ്‍ ബി വിസകളാണ് അമേരിക്കന്‍ ഭരണകൂടം നല്‍കുന്നത്. അതില്‍ 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കാറ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.