
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പിന് ശേഷം താമസരേഖകളില്ലാതെ രാജ്യത്തു തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി. നിയമലംഘകരെ പിടികൂടാന്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ പ്രത്യേക തിരച്ചില്‍ കാമ്പയിന്‍ ആരംഭിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
താമസനിയമലംഘകരായ വിദേശികള്‍ക്ക് ഏപ്രില്‍ മുപ്പത് വരെ പൊതുമാപ്പ് അനുവദിച്ചിരിക്കുകയാണ് കുവൈത്ത്. പിഴ ഒഴിവാക്കിയതിന് പുറമെ തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റും കുവൈത്ത് നല്‍കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്നവര്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പൊതുമാപ്പ് കാലം കഴിഞ്ഞാല്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ശക്തമായ പരിശോധനകാമ്പയിന്‍ ഉണ്ടാകും. രാജ്യത്തിന്റ ഓരോ കോണും അരിച്ചു പെറുക്കി പരിശോധിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിയമം ലംഘിച്ച് താമസിക്കുന്ന വിദേശികളെ നാടുകടത്താനുള്ള ചെലവ് വിസക്കച്ചവടക്കാരില്‍ നിന്ന് ഈടാക്കുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീല്‍ പറഞ്ഞു. പണം വാങ്ങി വിസ നല്‍കി വിദേശ തൊഴിലാളികളെ ചതിയില്‍ പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.