Currency

കോവിഡ്19: യുഎഇ മൂന്ന് താല്‍കാലിക ആശുപത്രികള്‍ കൂടി തുറക്കുന്നു

സ്വന്തം ലേഖകന്‍Wednesday, April 22, 2020 1:21 pm

അബൂദബി: കോവിഡ് ബാധിതരെ ചികില്‍സിക്കാന്‍ യുഎഇ മൂന്ന് താല്‍കാലിക ആശുപത്രികള്‍ കൂടി തുറക്കുന്നു. അബൂദബിയിലും ദുബായിലും നിര്‍മിക്കുന്ന ആശുപത്രികളില്‍ 3,400 രോഗികളെ ഒരേ സമയം കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുണ്ടാകും.

അബൂദബിയില്‍ പുതിയ രണ്ട് ഫീല്‍ഡ് ആശുപത്രികളും, ദുബായില്‍ മറ്റൊരു ആശുപത്രിയുമാണ് അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അഥവാ സെഹയുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്നത്. അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയന്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ആശുപത്രിയില്‍ 1200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാം. 200 ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. മേയ് ആദ്യവാരം ഈ ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കും.

അബൂദബി എക്‌സിബിഷന്‍ സെന്ററും താല്‍കാലിക ആശുപത്രിയാക്കി മാറ്റുകയാണ്. ഇവിടെ 1,000 രോഗികളെ ചികില്‍സിക്കാം. 100 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗകര്യമുണ്ടാകും. ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്ട്‌സിലാണ് മൂന്നാമത്തെ ആശുപത്രി. ഇവിടെ 1200 രോഗികള്‍ക്കും. 200 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗകര്യമുണ്ടാകും. ദുബായിലെ ആശുപത്രി ഈമാസം തന്നെ പ്രവര്‍ത്തന സജ്ജമാകും. ദുബായിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നേരത്തേ താല്‍കാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x