
റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയില്‍ പണി പൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോ റെയില്‍ ഈ വര്‍ഷാവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് അധികൃതര്‍. പദ്ധതിയുടെ ഭാഗമായി ഇതിനകം പണി പൂര്‍ത്തിയായ ലൈനുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുക. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പദ്ധതിയുടെ ഭാഗമായ റിയാദ് മെട്രോയുടെ പൂര്‍ത്തിയായ ലൈനുകളാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയെന്ന് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഫഹദ് അല്‍ റഷീദ് പറഞ്ഞു. 2014 ല്‍ പണിയാരംഭിച്ച മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ആറ് ലൈനുകളിലായി ബന്ധിച്ച് 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും.
വികസിച്ചുവരുന്ന റിയാദ് നഗരത്തിന്റെ പൊതു ഗതാഗത ആവശ്യം പൂര്‍ത്തീകരിക്കുന്നതായിരിക്കും മെട്രോ ഉപപ്പെടുന്ന കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പദ്ധതി. അമേരിക്ക, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭീമന്‍ കമ്പനികളുടെ കൂട്ടായ്മയാണ് 27 ബില്യന്‍ ഡോളര്‍ പദ്ധതി ജോലികള്‍ കരാര്‍ എടുത്തിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.