Currency

വിസാ നിയമങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ച് യുഎഇ; ജുലൈ 12 മുതല്‍ ഫീസുകളും പിഴകളും ഈടാക്കാന്‍ അനുമതി

സ്വന്തം ലേഖകന്‍Saturday, July 11, 2020 6:22 pm

അബൂദബി: കോവിഡ് പശ്ചാത്തലത്തില്‍ വിസാ നിയമത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ യുഎഇ ഭേദഗതി പ്രഖ്യാപിച്ചു. ജുലൈ 12 മുതല്‍ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് നിന്ന താമസവിസക്കാര്‍ക്ക് മടങ്ങിയെത്താനും രേഖകള്‍ ശരിയാക്കാനും ഗ്രേസ് പിരിയഡ് അനുവദിക്കും.

കോവിഡ് ഭീതിയൊഴിഞ്ഞ് കാര്യങ്ങള്‍ സാധാരണ നില കൈവരിക്കുന്ന സാഹചര്യത്തിലാണ് വിസ നിയമങ്ങളില്‍ പ്രഖ്യാപിച്ച മാറ്റങ്ങളില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം. പ്രവാസികളുടെ താമസ വിസ, എന്‍ട്രി പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവന്‍ തീരുമാനങ്ങളും നാളെ മുതല്‍ നിര്‍ത്തുകയാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ട്വീറ്റ് ചെയ്തു. മാര്‍ച്ച് ഒന്നോടെ താമസ വിസയുടെ കാലാവധി തീര്‍ന്ന രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ക്കും, യുഎഇക്ക് പുറത്ത് ആറ് മാസത്തിലേറെയായി തുടരുന്നവര്‍ക്കും തിരിച്ചുവരാന്‍ ഗ്രേസ് പിരിയഡ് അനുവദിക്കും.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാനസര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ഗ്രേസ് പിരിയഡ് തീരുമാനിക്കുക. ഈ കാലയളവില്‍ തിരിച്ചുവരുന്നവര്‍ക്ക് പിഴ ബാധകമായിരിക്കില്ല. എന്നാല്‍, മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകളും പിഴകളും ജൂലൈ 11 മുതല്‍ നിലവില്‍ വരും. രാജ്യത്തിന് അകത്തുള്ള താമസവിസക്കാര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ മൂന്ന് മാസവും, ആറ് മാസത്തിന് താഴെ രാജ്യത്തിന് പുറത്തുനിന്ന റെസിഡന്റ് വിസക്കാര്‍ക്ക് ഒരുമാസവും രേഖകള്‍ ശരിയാക്കാന്‍ ഗ്രേസ് പിരിയഡ് അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x