
കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത നാല്പതിനായിരത്തോളം വിദേശികളുടെ ഇഖാമ അസാധുവായതായി താമസകാര്യ വകുപ്പ്. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ഇഖാമ പുതുക്കാന്‍ നല്കിയ ഇളവ് പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് താമസാനുമതി നഷ്ടമായത്.
കോവിഡ് പ്രതിസന്ധി മൂലം വിമാന സര്‍വീസ് നിലച്ച പശ്ചാത്തലത്തില്‍ നിലവില്‍ രാജ്യത്ത് ഇല്ലാത്ത വിദേശികളുടെ വിസ പുതുക്കാന്‍ സ്പോണ്സര് കമ്പനി പ്രതിനിധി എന്നിവര്‍ക്ക് അനുമതി നല്‍കിയിരുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് വിസ കാലാവധി കഴിഞ്ഞ രാജ്യത്തിനകത്തുള്ളവര്‍ക്ക് ആഗസ്റ്റ് 31 വരെ സ്വമേധയാ ദീര്‍ഘിപ്പിച്ച് നല്‍കുകയും പുറത്തുള്ളവരുടെ ഇഖാമ സ്പോണ്‍സര്‍ക്കും മന്‍ദൂബിനും പുതുക്കാന്‍ അനുമതി നല്‍കുകയും ചെയ്തത്. വിദേശത്തുള്ള നിരവധി പേര് ഇത്തരത്തില്‍ ഇഖാമ പുതുക്കിയിരുന്നു.
എന്നാല്‍ അവസരം പ്രയോജനപ്പെടുത്താത്തവരാണ് വെട്ടിലായത്. ഇവര്‍ക്ക് ഇനി പുതിയ വിസയില്‍ മാത്രമേ വരാന്‍ കഴിയൂ. അവധിക്കു പോയ നാല്പതിനായിരത്തോളം വിദേശികള്‍ക്കാണ് ഇഖാമ നഷ്ടമായത്. ഈ വര്‍ഷം അവസാനത്തോടെ ഇഖാമ വിസ ഫീസ് ഘടനയില്‍ വര്‍ദ്ധനവ് നടപ്പാക്കുമെന്നും ബ്രിഗേഡിയര്‍ ഹമദ് റഷീദ് അല്‍ തവാല പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.