Currency

ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍Wednesday, August 5, 2020 5:19 pm

അബൂദബി: വിദേശ രാജ്യങ്ങളില്‍നിന്ന് ഈ മാസം എട്ടുമുതല്‍ ഇന്ത്യയിലേക്ക് പോകുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഈ നിര്‍ദേശങ്ങള്‍ യു.എ.ഇയിലെ വിവിധ സംഘടനകള്‍ക്ക് കൈമാറി.

നിര്‍ദേശങ്ങള്‍:

1. എല്ലാ യാത്രക്കാരും www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സെല്‍ഫ് ഡിക്ലറേഷന്‍ ഫോറം യാത്രക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും സമര്‍പ്പിക്കണം.

2. 14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റീന് വിധേയമാകുമെന്ന് പോര്‍ട്ടലില്‍ ഉറപ്പ് നല്‍കണം. ഏഴുദിവസം സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും തുടര്‍ന്ന് ആരോഗ്യസ്ഥിതി നിരീക്ഷിച്ച ശേഷം ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയാമെന്ന ഉറപ്പുമാണ് നല്‍കേണ്ടത്.

3. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗം, 10 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളുള്ള രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ക്ക് 14 ദിവസവും ഹോം ക്വാറന്റീന്‍ അനുവദിക്കും.

4. കോവിഡ് നെഗറ്റിവാണെന്ന പി.സി.ആര്‍ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍നിന്ന് ഒഴിവാകാം. എന്നാല്‍, യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളില്‍ ഈ പരിശോധന നടത്തിയിരിക്കണം. പരിശോധന റിപ്പോര്‍ട്ട് അധികൃതരുടെ പരിഗണനക്കായി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇന്ത്യയില്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ തന്നെ കോവിഡ് പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം.

ബോര്‍ഡിങ്ങിനുമുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍:

1. ബന്ധപ്പെട്ട ഏജന്‍സികള്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം യാത്രയില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടിക നല്‍കും.

2. എല്ലാ യാത്രക്കാരും അവരുടെ മൊബൈലില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കും.

3. തെര്‍മല്‍ സ്‌ക്രീനിങ്ങിനുശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ വിമാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കൂ.

4. കരമാര്‍ഗം എത്തുന്ന യാത്രക്കാരും സമാനമായ പ്രോട്ടോകോള്‍ പാലിക്കണം. രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ.

5. പരിസ്ഥിതി ശുചിത്വം, അണുമുക്തമാക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ വിമാനത്താവളങ്ങളില്‍ നടപ്പാക്കും.

6. ബോര്‍ഡിങ് സമയത്ത് വിമാനത്താവളങ്ങളിലും പുറത്തും യാത്രക്കിടെ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x