Currency

പാസ്‌പോര്‍ട്ടിന് ഇനി പുതിയ രൂപം; അടുത്ത വര്‍ഷം മുതല്‍ ലഭിക്കുന്നത് ഇ-പാസ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകന്‍Saturday, August 15, 2020 3:57 pm

ന്യൂഡല്‍ഹി: 2021ല്‍ പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുകയോ പാസ്‌പോര്‍ട്ട് പുതുക്കുകയോ ചെയ്യുന്നുവര്‍ക്ക് ഇലക്ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ട് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ 20,000 ഓദ്യോഗിക, നയതന്ത്ര ഇ-പാസ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഇതിനകം ഇഷ്യു ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നതിനുള്ള പ്രക്രിയകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുന്നതിലൂടെ തട്ടിപ്പുകളും വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിക്കുന്നതും തടയാനാകും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേഗത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഇ-പാസ്‌പോര്‍ട്ടുകള്‍ സഹായകമാണ്. നിലവില്‍ ഇതുവരെ, പൗരന്മാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നു ബുക്ക്‌ലെറ്റ് പാസ്പോര്‍ട്ടുകളായിരുന്നു.

മണിക്കൂറില്‍ 10,000 മുതല്‍ 20,000 വരെ പാസ്‌പോര്‍ട്ടുകള്‍ ഇഷ്യു ചെയ്യാവുന്ന വ്യക്തിഗത ഇ-പാസ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള ഒരു പ്രത്യേക യൂണിറ്റും ഏജന്‍സിയും സജ്ജമാക്കാനാണ് അധികൃതരുടെ ലക്ഷ്യം. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഇന്ത്യയിലെ 36 പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നിന്ന് ഇ-പാസ്‌പോര്‍ട്ട് ലഭിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) മാനദണ്ഡത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇ-പാസ്പോര്‍ട്ടുകള്‍ തയ്യാറാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x