
ദോഹ: ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് അധ്യാപകര്‍ക്ക് 21,000 സൗജന്യ യാത്രാ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. കോവിഡ്-19 സാഹചര്യത്തിലും യുവജനങ്ങള്‍ക്ക് അറിവ് പകരുന്നതില്‍ നിസ്തുല സേവനം കാഴ്ചവെച്ച അധ്യാപകരോടുള്ള ആദര സൂചകമായാണിത്. ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള ദിനങ്ങളിലായി ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ലോകരാജ്യങ്ങളിലെ അധ്യാപകര്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാം. 75 രാജ്യങ്ങളിലെ അധ്യാപകര്‍ക്ക് ഒരു ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് ലഭിക്കുക.
ഖത്തര്‍ എയര്‍വേയ്സിന്റെ https://www.qatarairways.com/en-qa/offers/thank-you-teachers.html ലിങ്കില്‍ പ്രവേശിച്ച് വിജയകരമായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ കോഡ് ലഭിയ്ക്കും. ലിങ്കില്‍ വ്യവസ്ഥകളും നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രമോഷന്‍ കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 2021 സെപ്റ്റംബര്‍ 30 വരെയാണ് യാത്രാ കാലാവധി. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന. നേരത്തെ ഒരു ലക്ഷം മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ ടിക്കറ്റ് നല്‍കിയിരുന്നു.
ഓരോ രാജ്യത്തിനും ദിവസേന നിശ്ചിത എണ്ണം ടിക്കറ്റുകളാണ് അനുവദിക്കുക. 3 ദിവസവും പുലര്‍ച്ചെ ദോഹ സമയം 4.00ന് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തും. വിജയകരമായി അപേക്ഷ നല്‍കിയ അധ്യാപകര്‍ക്ക് ഇക്കണോമി ക്ലാസിലെ മടക്കവിമാനടിക്കറ്റാണ് ലഭിക്കുക. നിലവില്‍ കമ്പനി സര്‍വീസ് നടത്തുന്ന 90 രാജ്യങ്ങളില്‍ എങ്ങോട്ടുമുള്ള ടിക്കറ്റുകളും ഇത്തരത്തില്‍ ലഭിക്കും. ഇതിന് പുറമേ ഇവര്‍ക്ക് മഴെറ്റാരു മടക്കവിമാനടിക്കറ്റിന് 50 ശതമാനം ഇളവ് കിട്ടാനുള്ള പ്രത്യേ വൗച്ചര്‍ ലഭിക്കുകയും ചെയ്യും. ഈ ടിക്കറ്റ് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കൈമാറാനുമാകും. രണ്ട് ടിക്കറ്റുകളും ഉപയോഗിച്ച് 2021സെപ്റ്റംബര്‍ 30നകം യാത്ര ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്.
യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ അധ്യാപകര്‍ ആണെന്നതിന്റെ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. ടിക്കറ്റ് മാത്രമാണ് സൗജന്യം. വിമാനത്താവളത്തിലെ നികുതി യാത്രക്കാരന്‍ നല്‍കണം. അധ്യാപകര്‍ക്ക് 2020 ഡിസംബര്‍ 31 ന് മുമ്പായി എടുക്കുന്ന ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ കഴിയും. മാത്രമല്ല ടിക്കറ്റ് കാലാവധി 2 വര്‍ഷവും ലഭിക്കും.
നിശ്ചിത വിഭാഗം അധ്യാപകര്‍ക്കാണ് സൗജന്യ ടിക്കറ്റ് നല്‍കുന്നത്. ക്ലാസ് റൂം പാരാപ്രഫഷണല്‍സ്, അധ്യാപക അസിസ്റ്റന്റുമാരും പകരക്കാരും, ഇന്റര്‍വെന്‍ഷന്‍-ഇന്‍ക്ലൂഷന്‍ സ്പെഷ്യലിസ്റ്റ്, ട്യൂട്ടര്‍മാര്‍, സീനിയര്‍ ലീഡേഴ്സ്, ഏര്‍ലി ചൈല്‍ഡ്ഹുഡ് അധ്യാപകര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, പ്രൈമറി, സെക്കന്‍ഡറി, കാഷ്യല്‍ അധ്യാപകര്‍, ഇഎസ്എല്‍ (ഇംഗ്ലീഷ് രണ്ടാം ഭാഷ) അധ്യാപകര്‍, സ്പെഷ്യല്‍ എജ്യൂക്കേഷന്‍ അധ്യാപകര്‍, അധ്യാപക സഹായികള്‍, വൊക്കേഷണല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, പ്രീ-സ്‌കൂള്‍-ഏര്‍ലി ഇയേഴ്സ് പ്രാക്ടീഷണേഴ്സ്, ക്ലാസ് റൂം ടെക്നീഷ്യന്‍സ് എന്നിവര്‍ക്കാണ് സൗജന്യ ടിക്കറ്റിന് യോഗ്യത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.