Currency

കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍; 26 രാജ്യങ്ങളെ ഒഴിവാക്കി

സ്വന്തം ലേഖകന്‍Friday, November 13, 2020 5:05 pm

ദോഹ: 26 രാജ്യങ്ങളെ ഒഴിവാക്കി കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തര്‍ പുതുക്കി പ്രസിദ്ധീകരിച്ചു. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയൊക്കെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. ഇത്രയും രാജ്യങ്ങളില്‍ കോവിഡ് അപകടസാധ്യത വീണ്ടും കൂടിയ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ 49 രാജ്യങ്ങളാണ് കോവിഡ് അപകടസാധ്യത കുറഞ്ഞവയുടെ പട്ടികയില്‍ ഖത്തര്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ലിസ്റ്റ് പുതുക്കുമെന്നും അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് 26 രാജ്യങ്ങളെ ഒഴിവാക്കി ലിസ്റ്റ് പുതുക്കി പ്രസിദ്ധീകരിച്ചത്.

യൂറോപ്യന്‍ മേഖലയില്‍ നിന്ന് ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, റഷ്യ എന്നീ രാജ്യങ്ങളെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ തായ്വാനാണ് പുറത്തായത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല.

അതേസമയം തുര്‍ക്കി, ഇറാന്‍, ചൈന, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങി രാജ്യങ്ങളെല്ലാം പട്ടികയില്‍ തുടരുന്നുണ്ട്. ഇനി രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ലിസ്റ്റ് പുതുക്കുക. ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് പകരം ഹോം ക്വാറന്റൈന്‍ മതിയെന്നതാണ് പ്രധാന ഇളവ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x