
കുവൈത്ത് സിറ്റി: ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കില്ലെന്ന തീരുമാനം ജനുവരിയില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ അത്തരക്കാര്‍ക്ക് മക്കളുടെയോ പങ്കാളിയുടെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബ വീസയിലേക്ക് മാറ്റം അനുവദിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ അറിയിച്ചു. ബിരുദമില്ലാത്ത 60 വയസ്സുകാര്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന തീരുമാനം നിലവില്‍ വരുമെങ്കിലും 2021ല്‍ കാലാവധി തീരുന്ന ഇഖാമയുള്ളവര്‍ക്ക് തുടരാനാകും. അത് കഴിയുമ്പോഴേക്കും കുടുംബ വീസയിലേക്ക് മാറ്റിയാല്‍ മതി. തൊഴില്‍ വീസയിലുള്ള 60 തികഞ്ഞവരില്‍ ബിരുദധാരികള്‍ അല്ലാത്തവര്‍ കുവൈത്തില്‍ തുടരുന്നതിന് ആശ്രിത വീസയിലേക്ക് മാറിയാല്‍ തൊഴിലെടുക്കാന്‍ അനുമതി ഉണ്ടാകില്ല. കുടുംബമൊത്ത് കുവൈത്തില്‍ തുടരാമെന്ന സൗകര്യം മാത്രം ലഭിക്കും.
കുടുംബ വീസയില്‍ നിന്ന് സ്വകാര്യമേഖലയിലെ തൊഴില്‍ വീസയിലേക്ക് മാറ്റം ചില വിഭാഗങ്ങള്‍ക്ക് മാത്രമാകും. സ്വദേശി വനിതയുടെ പങ്കാളിയും മക്കളും, സ്വദേശികളുടെ ഭാര്യമാര്‍, അംഗീകൃത രേഖയുള്ള പലസ്തീന്‍കാര്‍, കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവര്‍ എന്നിവര്‍ക്കാണ് ഇളവ്.
പൊതുമേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്ക് തൊഴില്‍ വീസ മാറ്റവും ചില വിഭാഗങ്ങള്‍ക്ക് മാത്രമായിരിക്കും. സ്വദേശി വനിതകളുടെ പങ്കാളിയും മക്കളും, സ്വദേശികളുടെ ഭാര്യമാര്‍, അംഗീകൃത രേഖകളുള്ള പലസ്തീന്‍കാര്‍, ആരോഗ്യമേഖലയില്‍ സ്‌പെഷലൈസ്ഡ് തസ്തികയില്‍ ജോലിക്ക് യോഗ്യതയുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ (ആരോഗ്യ മന്ത്രാലയത്തില്‍ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിന് ലൈസന്‍സുള്ളവര്‍).
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.