Currency

സൗദിയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു; സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യം

സ്വന്തം ലേഖകന്‍Friday, December 18, 2020 5:42 pm

റിയാദ്: സൗദിയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആദ്യ വാക്സിന്‍ സ്വീകരിച്ചുകൊണ്ട് വാക്‌സിനേഷന്‍ കാമ്പയിന് തുടക്കം കുറിച്ചു. രാജ്യമൊട്ടാകെ അഞ്ഞൂറ്റി അമ്പതിലധികം ക്ലിനിക്കുകള്‍ വഴി വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്സിന്‍ രാജ്യത്തെത്തിയത്. ഒമ്പത് മാസം കൊണ്ട് കോവിഡ് രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കുകയാണ് ലക്ഷ്യം. ഇതിനായി എല്ലാ പ്രവശ്യകളിലും വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ തുറക്കും. റിയാദിലെത്തിയ വാക്സിനുകള്‍ വിവിധ പ്രവശ്യകളിലേക്ക് അയച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. സ്വിഹത്തി ആപ്ലിക്കേഷന്‍ വഴി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x